കീവ്: യുക്രൈനില്‍ സൈന്യം നടത്തുന്ന ശ്രമങ്ങള്‍ ലക്ഷ്യം കൈവരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ അടയാളമായി മോസ്കോയിലെ റെഡ് സ്ക്വയറിൽ നടന്ന വാർഷിക സൈനിക പരേഡിന് മേൽനോട്ടം വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു പുടിൻ. “എല്ലാ പദ്ധതികളും ലക്ഷ്യം കാണും, അതില്‍ സംശയമില്ല,” പുടിന്‍ പറഞ്ഞു.
രാജ്യത്തിന് വേണ്ടിയാണ് പോരാട്ടമെന്ന് സൈന്യത്തിനോട് പറഞ്ഞ പുടിന്‍ യുദ്ധം എത്രകാലം നീണ്ടു നില്‍ക്കുമെന്ന് വ്യക്തമാക്കിയില്ല. നിലവില്‍ 11-ാം വാരത്തിലെത്തി നില്‍ക്കുകയാണ് യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി. യുക്രൈനിന്റെ കിഴക്കന്‍ മേഖലയിലാണ് നിലവില്‍ ആക്രമണം രൂക്ഷമായി തുടരുന്നത്. സാധാരണക്കാരോട് മിസൈല്‍ ആക്രമണത്തിന്റെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
റഷ്യൻ നിയന്ത്രണത്തിലുള്ള ക്രിമിയയില്‍ നിന്ന് തൊടുത്ത നാല് കൃത്യതയുള്ള ഒനിക്സ് മിസൈലുകൾ തെക്ക് പടിഞ്ഞാറൻ യുക്രൈനിലെ ഒഡെസ മേഖലയില്‍ പതിച്ചതായി അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വളരെ തീവ്രമായിരുന്നെന്ന് മൈക്കോളൈവ് ഗവര്‍ണര്‍ വ്യക്തമാക്കി.
കിഴക്കൻ യുക്രൈനില്‍ സ്ഥിതിഗതികൾ ഗുരുതരമാണെന്നും മേഖലകളിലേക്ക് മുന്നേറാൻ റഷ്യൻ സൈന്യം ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ഖാർകിവ് നഗരത്തിൽ നിന്ന് പിന്നോട്ട് നീങ്ങിയതായും യുക്രൈനിന്റെ ഉപ പ്രതിരോധ മന്ത്രി ഹന്ന മല്യാർ പറഞ്ഞു.
ശനിയാഴ്ച കിഴക്കൻ യുക്രൈനിലെ ഒരു സ്കൂളിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ മരിച്ചതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. “അറുപതോളം പേർ കൊല്ലപ്പെട്ടു. നിരവധി സാധാരണക്കാരാണ് ഷെല്ലാക്രമണത്തില്‍ നിന്ന് സ്കൂളില്‍ അഭയം പ്രാപിച്ചിരുന്നത്,” അദ്ദേഹം പറഞ്ഞു.
Also Read: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചു