ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ റജിസ്റ്റര്‍ (എന്‍ആര്‍ഐസി) രാജ്യവ്യാപകമായി തയാറാക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ എഴുതിനല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
എന്‍ആര്‍സിക്കും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ പലതവണ തടസപ്പെട്ടു. ലോക്‌സഭയില്‍ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തെത്തുടര്‍ന്ന് ഉച്ചവരെ ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
Read More: കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ല: കേന്ദ്ര സർക്കാർ
മഹാത്മാ ഗാന്ധിക്കെതിരെ ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ നടത്തിയ ലോക്‌സഭയില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു. ബിജെപി ഗോഡ്‌സെയുടെ പാര്‍ട്ടി എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു സര്‍ക്കാരിനെതിരായ എംപിമാരുടെ പ്രതിഷേധം.
അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, സൗരവ് ഗൊഗോയ്, അബ്ദുള്‍ ഖലീഖ് എന്നിവര്‍ നോട്ടീസ് നല്‍കി. മഹാത്മാ ഗാന്ധിയുടെ നയിച്ച സ്വാതന്ത്ര്യസമര പ്രസ്ഥാനം നാടകമാണെന്നായിരുന്നു ഹെഗ്‌ഡെയുടെ പ്രസ്താവന.
ബിജെപി പ്രവര്‍ത്തകരാണു മഹാത്മാഗാന്ധിയുടെ യഥാര്‍ഥ അനുയായികളെന്നു കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. നിങ്ങള്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പോലുള്ള വ്യാജ ഗാന്ധിമാരുടെ അനുയായികളാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി തൃപ്തിരമല്ലെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അതിനിടെ, ഡല്‍ഹി കൂട്ട ബലാത്സംഗക്കേസ് പ്രതികളെ എത്രയും പെട്ടെന്ന് തൂക്കിലേറ്റാന്‍ രാഷ്ട്രപതിയുടെ ഇടപെടലുണ്ടാവണമെന്ന് ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ രാഷ്ട്രപതിയും സുപ്രീം കോടതിയും ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ കാരണം കൊണ്ടാണു വധശിക്ഷ വൈകുന്നതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.