ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പൊലീസുകാര്‍ ബൂട്ടുകള്‍ അണിഞ്ഞും ആയുധങ്ങള്‍ എടുത്തും പ്രവേശിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് വരി നില്‍ക്കല്‍ സമ്പ്രദായം ആക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 3ന് നടന്ന സംഘര്‍ഷത്തെ കുറിച്ചുളള കേസിലാണ് കോടതിയുടെ നിർദ്ദേശം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 47 പേരെ അറസ്റ്റ് ചെയ്തതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഒഡീഷ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജഗന്നാഥ ക്ഷേത്രത്തിനകത്തല്ല സംഘര്‍ഷം ഉണ്ടായതെന്നും ക്ഷേത്രത്തിന്റെ ഓഫീസാണ് അടിച്ചുതകര്‍ക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ക്യൂ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഒരു സാമൂഹ്യ-സാസ്കാരിക സംഘടന ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശ്രീ ജഗന്നാഥ സേന എന്ന സംഘടനയുടെ ബന്ദില്‍ പ്രതിഷേധക്കാര്‍ ക്ഷേത്രത്തിനകത്തേക്ക് ഇരച്ചു കയറുകയായിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ ക്ഷേത്രം ഓഫീസ് അടിച്ചു തകര്‍ത്തു. പൊലീസുകാര്‍ക്ക് നേരെ കല്ലേറും നടന്നു.

ഒരു പൊലീസ് ഔട്ട്പോസ്റ്റും ഇന്‍ഫര്‍മേഷന്‍ സെന്ററും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ടയറുകള്‍ കത്തിച്ച് റോഡ് ഗതാഗതവും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തിലാണ് വരി നിര്‍ത്തല്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയതെന്നും ജനങ്ങളുടെ പ്രതികരണത്തിന് ശേഷം മാത്രമേ തീരുമാനം എടുക്കുകയുളളുവെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ