No-confidence motion in Parliament: ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ ടി ഡി പി കൊണ്ടുവന്ന അവിശ്വസ പ്രമേയം വോടെടുപ്പിനിട്ട് തളളി. 325 പേർ അവിശ്വാസ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 126 പേർ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ബിജെപി വോട്ടുകൾക്ക് പുറമെ എൻ ഡി എയിലെ ഘടകകക്ഷികളുടെ വോട്ടും ലഭിച്ചു. കോൺഗ്രസ്, ഇടതുപക്ഷം ടി ഡി പി എന്നിവരുടെ വോട്ടുകളാണ് പ്രമേയത്തെ അനുകൂലിച്ച് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതി തയ്യാറാക്കിയ പ്രസംഗമാണ് വായിച്ചത്. അതിനിടയിൽ രാഷ്ട്രീയം പറയുകയും ചെയ്തു.
അവിശ്വാസ പ്രമേയത്തിന്റെ അവതരണം നടന്നതിലൂടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയ ചിത്രത്തിൽ കുറേ കൂടി ഇടം ലഭിക്കുന്നതായി മാറി. പ്രധാനമന്ത്രിയുടെ മറുപടിയിൽ നല്ലൊരു പങ്ക് സമയം രാഹുലിന്റെ പ്രസംഗത്തിനുളള മറുപടി പറയുന്നതിനും പരിഹസിക്കുന്നതിനുമായി മാറിയത് ഇതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
വോട്ടെടുപ്പിൽ ബി ജെ പി നയിക്കുന്ന കേന്ദ്ര സർക്കാർ വിജയിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമുണ്ടായിരുന്നില്ല. അംഗബലത്തിൽ വളരെ ശക്തമായിരുന്നു ബി ജെ പി. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചടത്തോളം കഴിഞ്ഞ നാല് വർഷം ഇല്ലാതിരുന്ന ഉണർവ്വ് നേടിയെടുക്കാൻ രാഹുലിന്റെ അവിശ്വാസ ചർച്ചയിലെ പ്രസംഗത്തിലൂടെ സാധിച്ചു.
ഇതേസമയം, ടി ഡി പി യെ വിമർശിച്ച പ്രധാനമന്ത്രി ടി ആർ എസ്സിനെ പുകഴ്ത്തി സംസാരിച്ചത് പുതിയ രാഷ്ട്രീയ നീക്കത്തിന്റെ സൂചനയായി കാണുന്നവരുമുണ്ട്.
രാഹുലിന് എന്റെ കസേരയിൽ ഇരിക്കാൻ തിടുക്കമെന്ന് പ്രധാനമന്ത്രി
ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്തിന് നാണക്കേടുണ്ടാക്കി എന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. ആൾക്കൂട്ട ആക്രമണങ്ങൾ സംസ്ഥാനങ്ങൾ നേരിടണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ടി ഡി പി കൊണ്ടുവന്ന അവിശ്വാസ ചർച്ചയുടെ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. ഭരണപക്ഷ മുന്നണിയായ എൻ ഡി എയ്ക്കൊപ്പമായിരുന്നു തെലുഗുദേശം പാർട്ടി.
അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞത് ഏകദേശം ഒന്നര മണിക്കൂർ സമയമെടുത്തായിരുന്നു.
കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് കോൺഗ്രസ് ബഹിഷ്ക്കരിച്ചേയ്ക്കുമെന്ന് ശ്രുതി.
കേന്ദ്ര സർക്കാർ മുസ്ലിം സ്ത്രീകൾക്കൊപ്പമെന്ന് നരേന്ദ്രമോദി.
ജി എസ് ടി ക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമെന്ന് പ്രധാനമന്ത്രി, സംസ്ഥാനങ്ങൾ ഇതുവഴി നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ജി എസ് ടി കൊണ്ടുവരാനുളള യു പി എ സർക്കാരിന്റെ നീക്കത്തെ എതിർത്ത് ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.
നേരത്തെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി മോദിക്കും അമിത് ഷായ്ക്കും ബി ജെ പിക്കും എതിരെ ആഞ്ഞടിച്ചിരുന്നു. ഭരണപക്ഷം ബഹളം വച്ചു പ്രസംഗം തടസ്സപ്പെടുത്തി. പിന്നീട ് പ്രസംഗം കഴിഞ്ഞ ശേഷം അദ്ദേഹം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ കസേരയിൽപോയി ഷേക്ക് ഹാൻഡ് കൊടുക്കുകയും ആലിംഗനം ചെയ്യുകയുംചെയ്തു. മറുപടി പ്രസംഗത്തിൽ രാഹുലിന്റെ ആലിംഗനം ചെയ്ത നടപടിയെ ഉൾപ്പടെ പരിഹസിച്ചാണ് നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്.
വികസനത്തിന് എതിരായ ശബ്ദമാണ് അവിശ്വാസ പ്രമേയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയ ചർച്ചയ്കക്കുളള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അവിശ്വാസ പ്രമേയം തളളിക്കളയണം. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാട് നാശത്തിലേയ്ക്കാണ് നയിക്കുക. ജനാധിപത്യത്തിന്റെ മഹത്തായ പരീക്ഷണമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്റെ കസേരയിൽ ഇരിക്കാൻ രാഹുലിന് തിടുക്കം. എന്നാൽ എന്നെ കസേരയിൽനിന്നും മാറ്റാൻ രാഹുലിന് കഴിയില്ല. എന്നെ കസേരയിലിരുത്തിയത് ജനങ്ങളാണ്. രാഹുലിന്റെ പെരുമാറ്റം ബാലിശമെന്നും മോദി. രാഹുൽ മോദിയെ ആലിംഗനം ചെയ്തതിനെ പരിഹസിച്ചാണ് പ്രധാനമന്ത്രി ഇത് പറഞ്ഞ്. രാഹുലിന്റെ കണ്ണിറുക്കൽ രാജ്യം കണ്ടെന്നും മോദി പറഞ്ഞു.
താൻ കാവൽക്കാരനും പങ്കാളിയുമാണ്, അല്ലാതെ ഇടപാടുകാരനും കച്ചവടക്കാരനുമല്ല. പിന്നാക്ക ജാതിയിൽ, ദരിദ്ര കുടുംബത്തൽ ജനിച്ചയാളാണ് താനെന്നും രാഹുലിന്റെ കണ്ണിൽ നോക്കാൻ താനായിട്ടില്ലെന്നും മോദിയുടെ പരിഹാസം. തന്റെ കണ്ണിൽനോക്കാൻ പ്രധാനമന്ത്രി ഭയപ്പെടുന്നു എന്ന് രാഹുൽ നടത്തിയ പരാമർശത്തെ പരിഹസിച്ചായിരുന്നു മോദിയുടെ ഈ പരാമർശം.
കളളപ്പണത്തിനെതിരായ പോരാട്ടം തനിക്ക് എതിരാളികളെ ഉണ്ടാക്കി. കോൺഗ്രസ്സിന് സുപ്രീം കോടതിയിലും റിസർവ് ബാങ്കിലും വിശ്വാസിമില്ല. വിശ്വാസമില്ലായ്മ കോൺഗ്രസിന്റെ പാരമ്പര്യം. പ്രതിപക്ഷം രാജ്യസുരക്ഷ വ്ച്ച കളിക്കുന്നു എന്നും മോദി ആരോപിച്ചു. മിന്നലാക്രമണത്തെ പരിഹസിച്ചത് രാജ്യം പൊറുക്കില്ല. റാഫേൽഇടപാട് സുതാര്യമാണെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു. റാഫേൽ ഇടപാടിനെ കുറിച്ചുളള ആരോപണം അടിസ്ഥാന രഹിതം. അറിയാത്ത കാര്യങ്ങളെ കുറിച്ചാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. സത്യത്തിന്റെ കഴുത്ത് ഞെരിക്കാൻ ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണത്തുടർച്ച ഉണ്ടാകുമെന്നും 2024 ലും അവിശ്വാസം പരാജയപ്പെടുമെന്നും മോദി. 2024 ലെ അവിശ്വാസത്തിനും ആശംസകൾ നേരുന്നു.
പ്രതിപക്ഷത്ത് പ്രധാനമന്ത്രികുപ്പായം തയ്പ്പിച്ച് ഒരുപാട് പേരുണ്ട്. പ്രതിപക്ഷത്തിന് ഒറ്റ ലക്ഷ്യം മോദിയെ മാറ്റുക എന്നത് മാത്രം.
അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി പറയുന്നതിനിടെ നടത്തിയ പരാമർശത്തെ തുടർന്ന് ലോകസഭിയൽ ബഹളം. ഇതേ തുടർന്ന് ടി ഡി പി എം പി മാർ പ്രധാനമന്ത്രി ഇരിക്കുന്ന ഭാഗത്തേയ്ക്ക് നടന്നു. അനുരാഗ് ഠാക്കൂർ ഈ എം പി മാരെ തടഞ്ഞു. ഇടതുപക്ഷ, തൃണമൂൽ അംഗങ്ങളും നടുത്തളത്തിലിറങ്ങി.
ആന്ധ്രപ്രദേശിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണെന്നും അവിടെ ഈ ഗതിയുണ്ടാക്കിയത് കോൺഗ്രസാണെന്നും മോദിയുടെ ആരോപണം. ടി ഡി പി അംഗങ്ങളുടെ പരാമർശത്തിനുളള മറുപടിയായാണിത് പറഞ്ഞത്.
യുവാക്കളെ പ്രധാനമന്ത്രി വഞ്ചിച്ചുവെന്ന ് രാഹുൽ ഗാന്ധി
അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപിയെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച രാഹുൽ ഗാന്ധി പ്രസംഗത്തിന്റെ അവസാനം കൈയ്യടി നേടി. ഭരണകക്ഷിയായ ബിജെപി അംഗങ്ങൾ രാഹുലിന്റെ പ്രസംഗം നിരവധി തവണ തടസ്സപ്പെടുത്തി. സഭ കുറച്ചു സമത്തേയ്ക്ക് നിർത്തിവച്ചു. അതിന് ശേഷം പ്രസംഗം പൂർത്തിയാക്കിയ രാഹുൽ പ്രധാനമന്ത്രി മോദി ഇരിക്കുന്ന ഇടത്ത് ചെന്ന് ഷേക്ക് ഹാൻഡ് നൽകുകയും ആലിംഗനം ചെയ്യുകയും ചെയ്തു.
#WATCH Rahul Gandhi walked up to PM Narendra Modi in Lok Sabha and gave him a hug, earlier today #NoConfidenceMotion pic.twitter.com/fTgyjE2LTt
— ANI (@ANI) July 20, 2018
പ്രധാനമന്ത്രിയെ യുവാക്കൾ വിശ്വസിച്ചുവെന്നും എന്നാൽ പൊളളയായ വാഗ്ദാനങ്ങൾ നൽകി അവരെ പ്രധാനമന്ത്രി വഞ്ചിച്ചുവെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരം എവിടെ? ജനങ്ങൾക്ക് കൊടുക്കുമെന്ന് പറഞ്ഞ 15 ലക്ഷം രൂപ എവിടെ? രാഹുൽ ഗാന്ധി ചോദിച്ചു. തട്ടിപ്പിന്റെ രാഷ്ട്രീയം ആണ് പ്രധാനമന്ത്രി കളിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുൽ നടത്തിയ പ്രസംഗത്തെ ബിജെപി അംഗങ്ങൾ തടസ്സപ്പെടുത്തി. ബിജെപി ബഹളത്തെ തുടർന്ന് സഭ കുറച്ചു സമയത്തേക്ക് നിർത്തിവച്ചു. പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ നടത്തിയ പരാമർശങ്ങളാണ് ബിജെപി അംഗങ്ങളെ ക്ഷുഭിതരാക്കിയത്.
ഇതുവരെ ഇല്ലാത്ത രീതിയിൽ ബിജെപിക്കും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. റാഫേൽ ഇടപാടും, നോട്ട് നിരോധനവും ജിഎസ് ടിയുമെല്ലാം രാഹുൽ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. കോട്ടിട്ട വ്യവസായികൾക്കും അമിത് ഷായുടെ മകനും മാത്രമാണ് ഗുണം എന്ന് രാഹുൽ പരിഹസിച്ചു. രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഭരണപക്ഷ അംഗങ്ങൾ ബഹളം വച്ച് ശ്രമിച്ചു.
ടിഡിപി എംപി ജയദേവ് ഗല്ല സംസാരിക്കുന്നതിനിടെയും ബഹളമുണ്ടായി. ഭൂരിപക്ഷത്തിനും ധാർമ്മികതയ്ക്കും ഇടയിലുളള പോരാട്ടം എന്നു പറഞ്ഞാണ് ജയദേവ് ഗല്ല പ്രസംഗം തുടങ്ങിയത്. അഴിമതിക്കെതിരായ മോദി സർക്കാരിന്റെ നിലപാടിൽ സംശയമുണ്ടെന്നും റെഡ്ഡി സഹോദരന്മാർക്ക് സീറ്റ് കൊടുത്തത് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്ര പ്രദേശിനോടു സർക്കാർ കാട്ടിയ അവഗണനയാണ് അദ്ദേഹം പ്രസംഗത്തിലുടനീളം ചൂണ്ടിക്കാട്ടിയത്.
അതിനിടെ, ശിവസേനയും ബിജു ജനതാദളും ചർച്ച ബഹിഷ്കരിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിന്മേലുളള ചർച്ച അനാവശ്യമാണെന്ന് പറഞ്ഞാണ് ബിജു ജനതാദൾ (ബിജെഡി) സഭയിൽനിന്നും ഇറങ്ങിപ്പോയത്. 10 വർഷത്തെ യുപിഎ ഭരണം കൊണ്ടും നാലു വർഷത്തെ എൻഡിഎ ഭരണം കൊണ്ടും ഒഡീഷയ്ക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ഈ രണ്ടു സർക്കാരുകൾക്കും എതിരാണ് ബിജെഡി. അതിനാൽ തന്നെ ചർച്ച ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ചുകൊണ്ടാണ് 19 പേരുളള ബിജെഡി സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. ഇതോടെ ലോക്സഭയിൽ ഹാജരായ 535 പേരുളളതിൽ 19 പേർ കുറഞ്ഞ് 516 ആയി.
ശിവസേനയും സഭാനടപടികളിൽനിന്നും വിട്ടുനിന്നിരുന്നു. ബിജെപിക്ക് ഇത് കനത്ത തിരിച്ചടിയായി. ഇന്നു രാവിലെയാണ് അവിശ്വാസ പ്രമേയത്തിന്മേലുളള വോട്ടെടുപ്പും ചർച്ചയും ബഹിഷ്കരിക്കാൻ ശിവസേന തീരുമാനിച്ചത്. ഇതോടെ 18 പേരുടെ പിന്തുണ ബിജെപിക്ക് കുറഞ്ഞു. അതേസമയം, കോൺഗ്രസ് വോട്ടെടുപ്പിനു മുൻപേ സഭ ബഹിഷ്കരിച്ചേക്കുമെന്നും സൂചനയുണ്ട്.
533 അംഗങ്ങളുള്ള സഭയില്‍ അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ ഭരണകക്ഷിക്ക് വേണ്ടത് 267 വോട്ടുകളാണ്. ഭരണകക്ഷിയായ എന്‍ഡിഎയില്‍ 313 വോട്ടുകള്‍ ആണുള്ളത്. 273 അംഗങ്ങള്‍ ഉള്ള ബിജെപി തങ്ങളുടെ മുഴുവന്‍ വോട്ടുകളും അനുകൂലമായി എന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കും. അതേസമയം, ബിജെപിയോട് അഭിപ്രായവ്യത്യാസമുള്ള ശിവസേനയുടേതടക്കം വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാനാവും പ്രതിപക്ഷത്തിന്റെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രസംഗിച്ച ശേഷമാവും വോട്ടെടുപ്പ്.
പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ഇരിക്കെ പ്രതിപക്ഷ ഐക്യത്തിന്റെ കരുത്ത് കാണിക്കാനുള്ള അവസരമായാണ് പ്രതിപക്ഷം ഈ അവിശ്വാസ പ്രമേയത്തെ കാണുക.
അതേസമയം സ്പീക്കര്‍ അവിശ്വാസപ്രമേയത്തിന് അനുമതി നല്‍കിയതോടെ ഇന്ന് സഭയില്‍ കൊണ്ടുവരാനിരുന്ന വിവരാവകാശ നിയമത്തിലെ ഭേദഗതികൾ സംബന്ധിച്ച ബില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.