ന്യൂഡല്‍ഹി: ഒന്നര പതിറ്റാണ്ടിന് ശേഷം ലോക്സഭ വീണ്ടും അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ പോകുന്നു. നാലുവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം വെള്ളിയാഴ്ച അവതരിപ്പിക്കാൻ സ്പീക്കർ സുമിത്ര മഹാജൻ തെലുങ്കുദേശം പാർട്ടിയ്ക്ക് അനുമതി നൽകി.
ആൾക്കൂട്ട കൊലപാതകങ്ങൾ, ദലിത് പീഡനം, എസ്‌സി-എസ്‌ടി നിയമം ദുർബലപ്പെടുത്തിയത്, ആന്ധ്ര പ്രദേശിന്റെ പ്രത്യേക പദവി തുടങ്ങിയ കാര്യങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഉന്നയിക്കുക. കോണ്‍ഗ്രസ്, സിപിഎം., എന്‍സിപി എന്നീ പാർട്ടികളും അവിശ്വാസ പ്രമേയം ഉന്നയിച്ചിരുന്നു. എന്നാൽ ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവി ഉന്നയിച്ച് ടിഡിപിയാണ് ആദ്യം നോട്ടീസ് നൽകിയതെന്നാണ് സ്പീക്കർ പറഞ്ഞത്.
പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുളള പ്രമേയങ്ങൾ ഒരുമിച്ച് പരിഗണിക്കണമെന്ന കോൺഗ്രസ് ലോക്സഭ പാർട്ടി നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ വാദവും സ്പീക്കർ തളളി. പിന്നീടാണ് ടിഡിപിയോട് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുളള അംഗബലം കാട്ടാൻ സ്പീക്കർ ആവശ്യപ്പെട്ടത്. 50 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമായിരുന്നത്.
അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ഇടതുപാർട്ടികൾ, കോൺഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി, തെലുങ്കുദേശം പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവർ എഴുന്നേറ്റു. ഇതോടെ അംഗബലം തെളിഞ്ഞു. സഭയിൽ കേന്ദ്രസർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉളളതിനാൽ ഈ അവിശ്വാസ പ്രമേയം വെല്ലുവിളിയാകില്ല. എന്നാൽ പ്രതിപക്ഷത്തിന്റെ ഐക്യം ബിജെപിക്ക് തലവേദനയാകും.
നിയമസഭ തിരഞ്ഞെടുപ്പുകളും 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ പ്രതിപക്ഷ ഐക്യം പരമാവധി ദുർബലപ്പെടുത്താനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാൽ ഇത് നടന്നില്ല.