ന്യൂഡൽഹി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് പ്രതിപക്ഷ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെ രാജ്യസഭയില്‍ നിന്ന് പുറത്താക്കി. ബിജെപി എംപിമാര്‍ നല്‍കിയ പരാതിയില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി. പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ സസ്‌പെൻഷനായുള്ള പ്രമേയം അവതരിപ്പിച്ചു.

ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.

Read More: രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധങ്ങൾക്കിടെ കാർഷിക ബിൽ പാസാക്കി

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

രാജ്യസഭയിൽ ശബ്‌ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. വോട്ടെടുപ്പിനിടെ സഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ എംപിമാർ ബിൽ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ രാജ്യസഭാ ഡപ്യൂട്ടി ചെയർമാന്റെ മുൻപിൽ കയറിനിന്നു. സഭയുടെ നിയമപുസ്‌തകം ഡപ്യൂട്ടി ചെയർമാന്റെ മുൻപിൽ ഉയർത്തിപിടിച്ചു.

പ്രതിപക്ഷ അംഗങ്ങള്‍ സഭാ അധ്യക്ഷന്റെ സമീപത്തേക്ക് മുദ്രാവാക്യങ്ങൾ വിളിച്ചു പാഞ്ഞടുത്തു. പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുകയും മെെക്ക് തട്ടിമാറ്റുകയും ചെയ്‌തു. സഭയിൽ ചെറിയ തോതിൽ കയ്യാങ്കളിയും ഉണ്ടായി.

രാജ്യമെമ്പാടും കർഷകർ തെരുവിൽ പ്രതിഷേധിക്കുകയാണ്. അതിനിടയിലാണ് ഏറെ ചർച്ചയായ ബിൽ രാജ്യസഭയിൽ പാസാക്കിയത്. ഹരിയാനയിൽ കർഷകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

കാർഷിക ബില്ലിനെ സിപിഎം പൂർണമായി എതിർത്തു. ബില്ലുകൾ സിലക്‌ട് കമ്മറ്റിക്ക് വിടണമെന്ന് സിപിഎമ്മും ഡിഎംകെയും തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടു. വൈഎസ്ആർ കോൺഗ്രസ്, ജെഡിയു എന്നിവര്‍ ബില്ലിനെ പിന്തുണച്ചു. ഉപാധികളോടെ ബില്ലിനെ പിന്തുണയ്‌ക്കാമെന്ന നിലപാടാണ് സിപിഐ രാജ്യസഭയിൽ സ്വീകരിച്ചത്.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.

Read in English: No-confidence motion against RS Deputy Chairman rejected, 8 opposition MPs suspended

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook