ന്യൂഡല്‍ഹി: രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ഇനി ടിവിയില്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം പാടില്ലെന്ന് ഉത്തരവ്. കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലാത്തതിനാലാണ് ഈ സമയത്ത് പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് കേന്ദ്ര ഇൻഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
ദൃശ്യ മാധ്യമങ്ങളിൽ കോണ്ടത്തിന്റെ പരസ്യം നൽകുന്നതിന് സമയപരിധി നിശ്ചയിക്കുന്നതിന്റെ സാധ്യത തേടി അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഗർഭ നിരോധന ഉറകളുടെ പരസ്യ ചിത്രം രാത്രി 10നും പുലർച്ചെ അഞ്ചിനും ഇടയിൽ മാത്രമായി സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യത തേടിയാണ് കേന്ദ്രസർക്കാരിനെ സമീപിച്ചത്. മുതിർന്നവർക്ക് മാത്രമായി ഇത്തരം പരസ്യം ക്രമീകരിക്കണമെന്ന് വിവിധ പരാതികൾ ഉണ്ടായിരുന്നു.
കുടുംബവുമായി ടിവിക്ക് മുൻപിൽ സമയം ചിലവഴിക്കുന്ന സമയത്ത് ഇത്തരം പരസ്യങ്ങൾ വരുന്നത് കുടുംബത്തിന്റെ മഹത്വത്തിന് കോട്ടം വരുത്തുന്നതായി കാണിച്ച് നിരവധി ഉപഭോക്താക്കൾ പരാതി നൽകിയിരുന്നതായി അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. പ്രമുഖ ബോളിവുഡ് നടിയായ സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യചിത്രം ഉൾപ്പടെയുള്ളവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഏറെയും ലഭിച്ചിരിക്കുന്നത്.