ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(ആർഇസിപി)ല്‍ ഇന്ത്യ ഒപ്പുവയ്ക്കില്ല. കരാര്‍ അതിന്റെ യഥാര്‍ത്ഥ അന്തഃസത്തയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ഇന്ത്യയുടെ മുഖ്യ ആശങ്കകള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം ചൈനയുൾപ്പടെ 15 രാജ്യങ്ങൾ കരാറുമായി മുന്നോട്ടുപോകും. കരാർ സംബന്ധിച്ച ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി ഉച്ചകോടിയെ അറിയിച്ചു.

ദേശീയ താൽപ്പര്യം സംരക്ഷിച്ചാണ് തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമെന്നും കരാറിൽ തുടർചർച്ചകൾക്കില്ലെന്നും കരാറിൽ ഭാഗമാകുന്നത് പിന്നീട് ആലോചിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചരക്ക്, സേവന,നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ട് ഇന്ത്യ ഉയര്‍ത്തിയ ആശങ്കകള്‍ കരാര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ചില രാജ്യങ്ങൾ തയ്യാറാകാതെ വന്നതോടെയാണ് ഇന്ത്യ കരാറിന്റെ ഭാഗമാകേണ്ട എന്ന് തീരുമാനിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വതന്ത്രവാണിജ്യ മേഖല സൃഷ്ടിക്കാനുള്ള ആര്‍ഇസിപി കരാറിലെ ചില വ്യവസ്ഥകളില്‍ ഇളവു വേണമെന്ന് ഇന്ത്യൻ ആവശ്യം. പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളും ചേര്‍ന്ന് സ്വതന്ത്ര വ്യാപാരമേഖല സൃഷ്ടിക്കുകയാണ് ആര്‍ഇസിപി കരാറിന്റെ ലക്ഷ്യം.

അതേസമയം തയാറാകുമ്പോൾ ഇന്ത്യയ്ക്ക് കരാറിന്റെ ഭാഗമാകാമെന്ന് ചൈന വ്യക്തമാക്കി. അടുത്ത വർഷം ഫെബ്രുവരി വരെയാണ് ഇന്ത്യയ്ക്ക് കരാറിൽ ഒപ്പിടാൻ സമയം അനുവദിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook