ന്യൂഡൽഹി: റിപ്പബ്ലിക് ടിവി സ്ഥാപകനും ചീഫ് എഡിറ്ററുമായ അർണബ് ഗോസ്വാമിക്കെതിക്കെതിരായ പരാതികളിൽ പഞ്ചാബ് പൊലീസ് എഫ്ഐആർ രജിസ്ട്രർ ചെയ്തു. പാൽഘർ ആൾക്കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അർണബ് വിദ്വേഷ പ്രസ്താവന നടത്തിയെന്ന പരാതികളിലാണ് പഞ്ചാബ് പൊലീസ് കേസെടുത്തത്.
ജലന്ധറിലും ഫിലാപൂറിലും കോൺഗ്രസ് നേതാക്കളും ലുധിയാനയിൽ ക്രിസ്റ്റ്യൻ യുനൈറ്റഡ് ഫെഡറേഷനുമാണ് അർണബിനെതിരേ പരാതി നൽകിയത്. പഞ്ചാബിന് പുറമേ ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലും അർണബിനെതിരായ പരാതികളിൽ എഫ്ഐആർ രജിസ്ട്രർ ചെയ്തിരുന്നു.

അർണബിനെതിരായ പരാതികളിൽ മൂന്നാഴ്ചത്തേക്ക് ബലം പ്രയോഗിച്ചുളള യാതൊരു നടപടികളും വേണ്ടെന്ന് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പാൽഘർ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ അർണബ് നടത്തിയ പ്രസ്താവനയ്ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിലാണ് ഗോസ്വാമിക്ക് കോടതി സംരക്ഷണം നൽകിയത്.

ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബഞ്ച് വീഡിയോ കോൺഫറൻസിലൂടെയാണ് അർണബിന്റെ ഹർജി പരിഗണിച്ചത്. എഫ്ഐആറുമായി ബന്ധപ്പെട്ട നടപടികൾ സ്റ്റേ ചെയ്യാനും കോടതി ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കുശേഷം അർണബിന് മുൻകൂർ ജാമ്യാപേക്ഷ നൽകാമെന്നും അന്വേഷണ ഏജൻസിയുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

Read Also: സോണിയ ഗാന്ധിയെ അധിക്ഷേപിച്ചു; അർണബ് ഗോസ്വാമിക്കെതിരെ എഫ്ഐആർ

അതേസമയം, നാഗ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്ഐആറില്‍ അർണബിന് കോടതി സംരക്ഷണം നല്‍കിയിട്ടില്ല. അര്‍ണബിനും റിപ്പബ്ലിക് ടിവിക്കും സുരക്ഷയൊരുക്കാനും മുംബൈ പൊലീസിനോട് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ടിവി ഷോയ്ക്കിടെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ അർണബ് നടത്തിയ പരാമർശം വിവാദമായിരുന്നു. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്മാരും ഇത്തരത്തില്‍ കൊല ചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ (സോണിയ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.

പരാമർശത്തിനെതിരെ ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, പഞ്ചാബ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അർണബിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook