ചെന്നൈ: തമിഴനാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഗോപാലപുരത്തെ വസതിയിലാണ് കരുണാനിധി ചികിൽസയിൽ കഴിയുന്നത്. വീട്ടിൽ കാവേരി ആശുപത്രിയിലെ ഡോക്ടർമാരാണ് കരുണാനിധിയെ ചികിത്സിക്കുന്നത്. ഇവിടേക്ക് പ്രമുഖ നേതാക്കളും പാർട്ടി പ്രവർത്തകരും എത്തിക്കൊണ്ടിരിക്കുകയാണ്.
മൂത്രാശയത്തിലെ അണുബാധയെ തുടർന്ന് പനിയുണ്ടായതായും ഇതിനുളള ചികിത്സയിലാണ് കരുണാനിധിയെന്നുമാണ് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ വ്യക്തമാക്കിയത്. ഇന്നലെ രാത്രി ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം കരുണാനിധിയുടെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചശേഷം അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മക്കള്‍ നീതി മയ്യം നേതാവ് കമൽഹാസനും കരുണാനിധിയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
ഡിഎംകെ പ്രസിഡന്റ് ആയതിന്റെ 50-ാം വാർഷിക പരിപാടികൾക്കിടെ ആണ് കരുണാനിധിയുടെ ആരോഗ്യനില മോശമായത്. ആശുപത്രിയിലെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന്റെ വസതിയിൽ ഒരുക്കിയാണ് ചികിത്സ. ഡോക്ടർമാരും നഴ്സുമാരും 24 മണിക്കൂറും അദ്ദേഹത്തിന്റെ ആരോഗ്യ നില നിരീക്ഷിക്കുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വഷളായി വരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
ചലനശേഷിയും സംസാരശേഷിയും കുറഞ്ഞതോടെ 94–കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഒന്നര വർഷമായി അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണ്.
തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണായക വ്യക്തിയാണ് കരുണാനിധി. അഞ്ചു തവണ തമിഴ്നാട് മുഖ്യമന്ത്രിയായി. തമിഴ് സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 70 ലധികം സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.