പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്ത്. 2019ലെ തെരഞ്ഞെടുപ്പില്‍ മോദിയോട് എതിരിടാന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആറാം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുളള ആദ്യ പ്രതികരണത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ പുകഴ്ത്തിയത്.
ഇതിനിടെ ബിഹാറിലെ ജെഡിയു-ബിജെപി സർക്കാർ രൂപികരണത്തെ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി പട്ന ഹൈക്കോടതി തള്ളിയിട്ടുണ്ട്. നിയമസഭയിൽ സർക്കാർ വിശ്വാസവോട്ട് നേടിയതിനാൽ ഇക്കാര്യത്തിൽ കോടതി ഇടപെടലുകളൊന്നും ആവശ്യമില്ലെന്നും കോടതി പരാമർശിച്ചു.
കഴിഞ്ഞ ബുധനാഴ്ച അപ്രതീക്ഷിതമായാണ് ജനതാദൾ-യു നേതാവ് നിതീഷ് കുമാർ രാജി സമർപ്പിച്ചത്. പിന്നീട് ബിജെപിയുടെ പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ 243 അംഗ നിയമസഭയിൽ 131 അംഗങ്ങളുടെ പിന്തുണയോടെ നിതീഷ് വിശ്വാസം തെളിയിച്ചിരുന്നു.