ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. പുതിയ വകഭേദവുമായി ബന്ധപ്പെട്ട് ആഗോള തലത്തിലെ സംഭവവികാസങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും തുറമുഖങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു.
“ഒമിക്രോണ്‍ നിലവില്‍ 14 രാജ്യങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംശയം തോന്നുന്ന കേസുകള്‍ പരിശോധിക്കുകയും ജീനോം സീക്വൻസിങ് നടത്തുകയും ചെയ്യുന്നുണ്ട്. സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്,” കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയെ അറിയിച്ചു.
മുൻകരുതലുകളും എടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മാണ്ഡവ്യ എടുത്തു പറഞ്ഞു. “മഹാമാരിയുടെ കാലത്ത് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഇപ്പോള്‍ പരിശോധനകള്‍ നടത്തുന്നതിനായി ലാബുകള്‍ ലഭ്യമാണ്. പുതിയ വകഭേദം രാജ്യത്ത് എത്തില്ല എന്ന് ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്,” കേന്ദ്രമന്ത്രി വ്യക്തമാക്കി.
നേരത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചെര്‍ന്നിരുന്നു. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. പുതിയ വകഭേദം ആര്‍ടിപിസിആര്‍, ആര്‍എടി പരിശോധനകളില്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം.
പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം. വാക്സിനേഷന്‍ അതിവേഗത്തിലാക്കുക, ഹോട്ട്സ്പോട്ടുകളുടെ നിരീക്ഷണം ശക്തമാക്കുക, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും അവലോകനയോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.