ന്യൂഡൽഹി: സ്ത്രീകളുടെ വസ്ത്രധാരണ രീതിയ്ക്ക് എതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി സത്യപാൽ സിംഗ്. സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ എതിർത്താണ് സത്യപാൽ സിംഗ് തന്റെ യാഥാസ്തിതിക ചിന്താഗതി പുറത്തെടുത്തത്.

“കല്യാണ മണ്ഡപത്തിൽ ജീൻസ് ധരിച്ചെത്തുന്ന പെണ്ണിനെ ഒരാണും കെട്ടില്ല”, അദ്ദേഹം പറഞ്ഞതായി വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു.

ഗോരഖ്‌പൂരിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഒരു പെൺകുട്ടി ജീൻസ് ധരിച്ച് ക്ഷേത്രത്തിൽ പോകുന്നത് തന്നെ ഒരു സന്യാസിയും തന്റെ പാരമ്പര്യ മൂല്യങ്ങളെ മറന്ന് അംഗീകരിക്കില്ല. നിങ്ങൾ കരുതുന്നുണ്ടോ വിവാഹ മണ്ഡപത്തിൽ ജീൻസ് ധരിച്ച് വരുന്ന പെണ്ണിനെ ഏതെങ്കിലും പുരുഷൻ കല്യാണം കഴിക്കുമെന്ന്?”, അദ്ദേഹം ചോദിച്ചു.

ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ വിദ്യാലയമായ മഹാറാണ പ്രതാപ് ശിക്ഷ പരിഷത്തിന്റെ വാർഷികാഘോഷങ്ങളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സംബന്ധിച്ചു.

ജല വിഭവ വകുപ്പിന്റെയും മാനവ വിഭവശേഷി വകുപ്പിന്റെയും സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് സത്യപാൽ സിംഗ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ