ന്യൂഡല്‍ഹി: രാജ്യത്ത് പടക്ക നിര്‍മ്മാണവും ഉപയോഗവും പൂര്‍ണമായും നിരോധിക്കാനാവില്ലെന്ന് സുപ്രിം കോടതി. രാജ്യവ്യാപകമായി പടക്കം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. പടക്കം ഉപയോഗത്തിന് കോടതി ഉപാധികളോടെ അനുമതി നല്‍കി. ഉത്സവകാലത്തും വിവാഹങ്ങളിലും പടക്കങ്ങള്‍ക്കുളള ജനപ്രീതി കണക്കിലെടുത്താണ് ഉപാധികളോടെ കോടതി അനുമതി നല്‍കിയിരിക്കുന്നത്. കുറഞ്ഞ അളവില്‍ മാത്രം അന്തരീക്ഷ മലിനീകരണം നടത്തുന്ന പടക്കം, നിശ്ചിത സമയത്ത് മാത്രം ഉപയോഗം, പ്രത്യേക സ്ഥലത്ത് മാത്രം ഉപയോഗം എന്നിവയാണ് കോടതി മുന്നോട്ട് വെച്ച ഉപാധികള്‍.

ദീപാവലിക്ക് രാത്രി 8 മുതല്‍ 10 വരെ മാത്രമാണ് പടക്കം പൊട്ടിക്കാനുളള അനുമതി. ക്രിസ്മസിനും പുതുവത്സരത്തിനും രാത്രി 11.55 മുതല്‍ 12.30 വരെ 35 മിനുട്ട് നേരം പടക്കം പൊട്ടിക്കാം. കുറഞ്ഞ അളവില്‍ മാത്രം മലിനീകരണം നടത്തുന്ന പടക്കങ്ങള്‍ മാത്രമാണ് വില്‍പന നടത്താന്‍ അനുവദിക്കുക. അതും ലൈസന്‍സുളള വ്യാപാരികള്‍ക്ക് മാത്രമാണ് വില്‍പന അനുവദിക്കുന്നത്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയുളള പടക്കം വില്‍പ്പന കോടതി പൂര്‍ണമായും വിലക്കി.

Fire Cracker Ban Supreme Court

ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നത് കോടതി അലക്ഷ്യമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പടക്കങ്ങള്‍ നിരോധിച്ച് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയില്‍ ഹര്‍ജി വന്നത്. അന്തരീക്ഷത്തിനും ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരമാണെന്ന് കാണിച്ചാണ് പടക്ക നിര്‍മ്മാണം, വില്‍പ്പന, കൈവശം വെക്കല്‍, എന്നിവ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

Read More: രാജ്യത്തുടനീളം പടക്കം നിരോധിക്കണം; സുപ്രിം കോടതി ഇന്ന് തീരുമാനമെടുക്കും

വളര്‍ച്ചയ്ക്കും വികാസത്തിനും ശുദ്ധമായ അന്തരീക്ഷവും ശുദ്ധവായുവും അവശ്യമാണെന്ന് ഹര്‍ജക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ‘ലോകത്തെ തന്നെ ഏറ്റവും മലിനമാക്കപ്പെട്ട നഗരമായ ഡല്‍ഹി സ്വന്തം ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ട്,’ എന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ദീപാവലി കാലത്ത് പടക്കങ്ങള്‍ രാജ്യത്താകമാനം നിരോധിക്കണമെന്ന ആവശ്യത്തെ കേന്ദ്രം എതിര്‍ത്തിരുന്നു. എന്നാല്‍ വലിയ രീതിയിലുളള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നാണ് കേന്ദ്രം അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook