scorecardresearch
Latest News

കാശിയിലും മഥുരയിലും ബിജെപിക്ക് അജണ്ടയില്ല, കോടതിയും ഭരണഘടനയും തീരുമാനിക്കും: നഡ്ഡ

ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകാൻ ബിജെപി തയ്യാറാണെന്ന് നഡ്ഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു

Gyanvapi Mosque, BJP

ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രം-ജ്ഞാനവാപി മസ്ജിദ് തർക്കത്തിൽ ആദ്യ ഔദ്യോഗിക പ്രസ്താവന നടത്തി ബിജെപി. അത്തരം പ്രശ്നങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമായി പരിഹരിക്കുമെന്നും കോടതികൾ തീരുമാനിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു. ബിജെപി എപ്പോഴും സാംസ്‌കാരിക വികസനത്തെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും കോടതിയുടെ ഉത്തരവ് ആത്മാർത്ഥമായി പാലിക്കുമെന്നും ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു.

“സാംസ്കാരിക വികസനത്തെക്കുറിച്ചാണ് ഞങ്ങൾ എപ്പോഴും സംസാരിക്കുന്നത്. എന്നാൽ ഈ വിഷയങ്ങൾ ഭരണഘടനയും കോടതി വിധിയും അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ, കോടതിയും ഭരണഘടനയും അത് തീരുമാനിക്കും, ബിജെപി അത് എല്ലാ അർത്ഥത്തിലും ആത്മാർത്ഥമായി പിന്തുടരും,” നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികദിനത്തിൽ നഡ്ഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങൾ വീണ്ടെടുക്കുന്നത് ബി.ജെ.പിയുടെ അജണ്ടയിലുണ്ടോ എന്ന ചോദ്യത്തിന് രാമജന്മഭൂമി വിഷയം പാലംപുരിൽ നടന്ന പാർട്ടി ദേശീയ സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിന്റെ ഭാഗമാണെന്നും എന്നാൽ അതിന് ശേഷം ഒരു പ്രമേയവും ഉണ്ടായിട്ടില്ലെന്നും നഡ്ഡ പറഞ്ഞു.

1989 ജൂണിൽ പാലംപുരിൽ പാസാക്കിയ പ്രമേയത്തെത്തുടർന്ന്, ബിജെപി അതിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി രാമജന്മഭൂമി സമരം ഏറ്റെടുത്തു. അതുവരെ വിഎച്ച്പി ആയിരുന്നു അമരക്കാർ. ഇതിന്റെ ഭാഗമായി എൽ കെ അദ്വാനി രഥയാത്രയും നടത്തിയിരുന്നു.

കാശി, മഥുര തർക്കങ്ങളിൽ ബിജെപി “ഒന്നും” പറഞ്ഞിട്ടില്ലെന്നും കോടതികൾ എന്ത് തീരുമാനമെടുത്താലും മുന്നോട്ടുപോകുമെന്നും ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച വൈകുന്നേരം പറഞ്ഞു. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കാശിയിലെയും മഥുരയിലെയും പാർട്ടിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം, എന്നാൽ ഒരു പാർട്ടി എന്ന നിലയിൽ ബിജെപി ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരേയും ഒരുമിച്ചുകൊണ്ടുപോകാൻ ബിജെപി തയ്യാറാണെന്ന് നഡ്ഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ഞങ്ങൾ രാഷ്ട്രീയമായി പ്രവർത്തിക്കുമ്പോൾ, എല്ലാവരേയും ഒപ്പം കൊണ്ടുപോകുക എന്നതാണ് ഞങ്ങളുടെ ശ്രമം. അതിന് നമ്മൾ തയ്യാറാവണം. ഞങ്ങൾ അതിന് തയ്യാറാണ്, നഡ്ഡ പറഞ്ഞു. “ഒരു സമൂഹത്തിൽ പലതരത്തിലുള്ള ആളുകളുണ്ട്. ചിലർ നേരത്തെ പ്രതികരിക്കുന്നു, ചിലർ പിന്നീട്, ചിലർ പതിറ്റാണ്ടുകൾക്ക് ശേഷം, ചിലർ ഒരുപാട് സമയം കഴിഞ്ഞതിന് ശേഷം പ്രതികരിക്കുന്നു. അത് അവരെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഞങ്ങളുടെ ഭരണരീതി ശക്തമായ ഒരു രാഷ്ട്രം എന്ന തത്വത്തിലാണ്. ഇത് വ്യക്തമാണ്, എല്ലാവർക്കും തുല്യ പങ്കാളിത്തം ഉണ്ടായിരിക്കും.”

സബ്‌കാ സാത്ത്, സബ്‌കാ വിശ്വാസ്, സബ്‌കാ പ്രയാസ് എന്ന തത്വത്തിലാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ ഇന്ത്യയുടെ രാഷ്ട്രീയ സംസ്‌കാരത്തെ മാറ്റിമറിച്ചെന്നും പ്രതികരണശേഷിയുള്ളതും ഉത്തരവാദിത്തമുള്ളതും സജീവവുമായ സർക്കാരിനെ സാധ്യമാക്കിയെന്നും നഡ്ഡ പറഞ്ഞു. സേവ, സുശാസൻ, ഗരീബ് കല്യാണ് (സേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം) എന്നിവയാണ് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, അനുരാഗ് താക്കൂർ എന്നിവർ അടങ്ങുന്ന മോദി സർക്കാരിന്റെ ആത്മാവെന്നും നഡ്ഡ പറഞ്ഞു.

കോവിഡും യുക്രൈൻ യുദ്ധവുമാണ് രാജ്യത്തെ നിലവിലെ പ്രശ്‍നങ്ങളുടെ കാരണമെന്ന് നഡ്ഡ പറഞ്ഞു. എന്നാൽ വളർച്ചാ നിരക്ക് അതേപടി നിലനിർത്താൻ സർക്കാരിന് കഴിഞ്ഞു, അതിനാൽ തൊഴിലില്ലായ്മയുടെ പ്രശ്‌നങ്ങളെ കാര്യമായി ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഹവാല ഇടപാട്: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ ഇഡി അറസ്റ്റ് ചെയ്തു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: No bjp resolution on kashi and mathura courts constitution will decide nadda