ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചരിത്ര പ്രധാനമായ തീരുമാനവുമായി ആം ആദ്മി സര്‍ക്കാര്‍. 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനി ബില്‍ അടയ്‌ക്കേണ്ട. വൈദ്യുതി ഉപയോഗം 200 യൂണിറ്റിനുള്ളില്‍ ആണെങ്കില്‍ അവര്‍ക്ക് വൈദ്യുതി ബില്‍ ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. ഇതൊരു ചരിത്ര തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു.
200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിലവിലുള്ള തുക തന്നെ ഈടാക്കും. 201 യൂണിറ്റ് മുതല്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഒരു കിലോവാട്ടിന് നാലര രൂപയാണ് ഈടാക്കുന്നത്. 401 യൂണിറ്റ് മുതല്‍ 800 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഒരു കിലോവാട്ടിന് ആറര രൂപ ഈടാക്കും. 801 മുതല്‍ 1200 യൂണിറ്റ് വരെയാണ് ഉപയോഗമെങ്കില്‍ ഒരു കിലോവാട്ടിന് ഈടാക്കുക ഏഴ് രൂപയാണ്. 1200 യൂണിറ്റിന് മുകളിലാണ് ഉപയോഗമെങ്കില്‍ കിലോവാട്ടിന് എട്ട് രൂപയാണ്.
ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ കുറച്ച് സമയം എടുത്തെന്നും അതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപനം നടത്താന്‍ സാധിക്കാതെ പോയതെന്നും കേജ്‌രിവാൾ പറഞ്ഞു.