ഗുവഹാട്ടി: അടുത്ത വര്‍ഷം വോട്ടെടുപ്പ് നടക്കുന്ന വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കില്ലെന്ന് ബിജെപിയുടെ വാഗ്ദാനം. തങ്ങളെ ജയിപ്പിച്ച് അധികാരത്തിലെത്തിച്ചാല്‍ ബീഫ് നിരോധിക്കില്ലെന്ന മുന്‍കൂര്‍ ജാമ്യമെടുത്ത് മേഘാലയ ബി.ജെ.പി ജനറല്‍ സെക്രട്ടറി ഡേവിഡ് കര്‍സാത്തിയാണ് രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ഉടന്‍ അറവുശാലകള്‍ പൂട്ടാന്‍ ഉത്തരവിറക്കിയ ബി.ജെ.പിയുടെ നിലപാട് വിവാദമായ സന്ദര്‍ഭത്തിലാണ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അടവുമാറ്റുന്നത്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളായ മേഘാലയ, മിസോറാം, നാഗാലാന്റ് എന്നിവിടങ്ങളില്‍ വന്‍തോതിലാണ് പോത്തിറച്ചി ഉപഭോഗം. യുപിയില്‍ ഇറക്കിയ ബീഫ് വിരുദ്ധ നയം ഇവിടങ്ങളില്‍ വില പോവില്ലെന്ന് കണ്ടാണ് ബിജെപി തന്ത്രം മാറ്റുന്നത്.

2011 സെന്‍സസ് കണക്കുകള്‍ പ്രകാരം നാഗാലാന്റില്‍ 88 ശതമാനം പേര്‍ ക്രിസ്തുമതക്കാരാണ്. മിസോറാമില്‍ ഇത് 87ഉം മേഘാലയയില്‍ 75ഉം ശതമാനമാണ്. മേഘാലയയിലും മിസോറാമിലും കണ്‍ഗ്രസ് ഭരിക്കുമ്പോള്‍ നാഗാലാന്റില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട് ലെഡ് ഡെമോക്രാറ്റിക് അലൈന്‍സ് ആണ് ഭരിക്കുന്നത്. ബിജെപിയുടെ പിന്തുണയോട് കൂടിയാണ് ഇവിടത്തെ ഭരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ