/indian-express-malayalam/media/media_files/uploads/2019/08/nirmala-sitharaman-3.jpg)
ന്യൂഡല്‍ഹി: ബാങ്കുകളുടെ ലയനത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്ക തള്ളിക്കളഞ്ഞ് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. ഒരു ബാങ്കും അടച്ചിടില്ലെന്നും ഒരാള്‍ക്കും ജോലി നഷ്ടമാകില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് പറഞ്ഞ നിര്‍മല മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
''ബാങ്കുകള്‍ അടയ്ക്കില്ല. ഇപ്പോള്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ഒരു ബാങ്കിനോടും ആവശ്യപ്പെട്ടിട്ടില്ല. സത്യത്തില്‍ കൂടുതല്‍ ക്യാപിറ്റല്‍ നല്‍കുകയാണ് ചെയ്യുന്നത്'' അവര്‍ പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു നിര്‍മലയുടെ വിശദീകരണം.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയുകയാണെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് വിദഗ്ധരുമായി ചര്‍ച്ച ചെയ്യുകയാണെന്നായിരുന്നു അവരുടെ മറുപടി. എല്ലാ മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
'പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് ഏതെങ്കിലും മേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വാഗതം ചെയ്യും' ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ സാമ്പത്തികനില സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉയര്‍ത്തിയ വിമര്‍ശത്തിന് മറുപടി നല്‍കാനില്ലെന്നും അവര്‍ പറഞ്ഞു. 'മന്‍മോഹന്‍ സിംഗ് പറഞ്ഞതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. അവര്‍ അത് പറഞ്ഞു. ഞാന്‍ കേട്ടു.' നിര്‍മല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.