ന്യൂഡൽഹി: പദ്മാവത് സിനിമയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കുകയും രാജ്യമാകെ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും ചെയ്ത സുപ്രീം കോടതി നടപടിക്കെതിരെ രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകൾ നൽകിയ പുനഃപരിശോധനാ ഹർജി കോടതി തളളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി തളളിയത്.

സെൻസർ ബോർഡ് സർട്ടിഫിക്കറ്റും കോടതി അനുമതിയും സിനിമയ്ക്ക് ലഭിച്ചുവെന്ന് സർക്കാരും ജനങ്ങളും മനസ്സിലാക്കണം. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ സിനിമ കാണേണ്ട, പക്ഷേ സിനിമ പ്രദർശിപ്പിക്കുന്നതി വിലക്കാനാവില്ല, ബെഞ്ച് വ്യക്തമാക്കി. സിനിമ റിലീസ് ചെയ്യുമ്പോൾ സംസ്ഥാന സർക്കാർ ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ജനുവരി 25 നാണ് പത്മാവത് സിനിമ റിലീസ് ചെയ്യുന്നത്.

അതിനിടെ സിനിമ റിലീസ് ചെയ്യുന്നതിനെതിരെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാവുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ പ്രതിഷേധം ഇന്നലെയും തുടർന്നു. ഹരിയാന, മധ്യപ്രദേശ് സർക്കാരുകൾ സിനിമയ്ക്ക് ഔദ്യോഗിക നിരോധനം പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ പ്രദർശനം അനുവദിക്കില്ലെന്ന നിലപാടാണുളളത്. ഡൽഹിയിലും ഗുജറാത്തിലും സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ