ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് രാജകുമാരന്റെ കോവിഡ് വൈറസ് ബാധ മാറ്റിയത് ആയുർവേദമാണെന്ന കേന്ദ്രസഹമന്ത്രിയുടെ അവകാശവാദം തള്ളിക്കളഞ്ഞ് ബ്രിട്ടൻ. രാജകുമാരന്റെ കോവിഡ് ഭേദമായത് ആയുര്‍വേദവും ഹോമിയോ മരുന്നും കാരണമാണെന്നാണ് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് അവകാശപ്പെട്ടത്. ഇതിനു പിന്നാലെ രാജകുമാരന്റെ ഓഫീസ് രംഗത്തെത്തി. ആയുർവേദമല്ല ചാൾസ് രാജകുമാരന്റെ കോവിഡ് സുഖപ്പെടുത്തിയതെന്ന് ബ്രിട്ടനിലെ രാജകുമാരന്റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

“ചാൾസ് രാജകുമാരന്റെ കോവിഡ് സുഖപ്പെട്ടത് ആയുർവേദം കാരണമാണെന്ന അവകാശവാദം തെറ്റാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിലെ ആരോഗ്യവിദഗ്‌ധരുടെ നിർദേശങ്ങൾ മാത്രമാണ് രാജകുമാരൻ പാലിക്കുന്നത്. മറ്റ് വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണ്,” ചാൾസ് രാജകുമാരന്റെ വക്താവ് ഇന്ത്യൻ എക്‌സ്‌പ്രസിന് അയച്ച സന്ദേശത്തിൽ പറയുന്നു.

Read Also: Covid-19 Live Updates: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക്, മരണസംഖ്യ 68

പ്രാചീന ചികിത്സാ രീതികൾ ഉപയോഗിച്ചാണ് ചാൾസ് രാജകുമാരന്റെ കോവിഡ് സുഖപ്പെട്ടത് എന്നായിരുന്നു കേന്ദ്രസഹമന്ത്രിയായ ശ്രീപദ് നായികിന്റെ അവകാശവാദം. ഗോവയിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബെംഗളൂരുവിലുളള ആയുര്‍വേദ റിസോര്‍ട്ടിലെ മരുന്നാണ് രാജകുമാരനെ രക്ഷിച്ചതെന്നാണ് മന്ത്രി പറഞ്ഞത്.

ബെംഗളൂരുവില്‍ സൗഖ്യ ആയുർവേദ റിസോർട്ട് നടത്തുന്ന ഡോക്ടര്‍ ഐസക് മത്തായി തന്നെ വിളിച്ചിരുന്നുവെന്നും ആയുർവേദ-ഹോമിയോ ചികിത്സ ചാൾസ് രാജകുമാരനിൽ ഫലിച്ചതായി ഡോക്ടർ പറഞ്ഞെന്നും കേന്ദ്രസഹമന്ത്രി ശ്രീപദ് നായിക് പറഞ്ഞു. ആയുര്‍വേദവും ഹോമിയപ്പതിയും ഉപയോഗിച്ച് ചാള്‍സ് രാജകുമാരന് കോവിഡ് രോഗം ഭേദമായെന്നും ഡോക്ടര്‍ അവകാശപ്പെട്ടതായാണ് കേന്ദ്രസഹമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

മാർച്ച് 25 നാണ് ചാൾസ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചത്. ചാൾസ് രാജകുമാരന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്നും നേരിയ തോതിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും രാജകുടുംബത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.

എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണ്. 71 വയസ്സുകാരനായ ചാൾസ് രാജകുമാരനും ഭാര്യ കാമില്ലയും ആരോഗ്യവിദഗ്‌ധരുടെ നിർദേശപ്രകാരം ഇപ്പോൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. രാജകുടുംബത്തിലെ ഔദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഞാനെന്തിനു മാസ്‌ക് ധരിക്കണം; വിവാദമായി ട്രംപിന്റെ പ്രസ്‌താവന

സ്‌കോട്ട്‌ലൻഡിലെ ബൽമോറാലിലെ വീട്ടിലാണ് ഇരുവരും നിരീക്ഷണത്തിൽ കഴിയുന്നത്. ആരിൽ നിന്നാണ് രാജകുമാരനു വവൈറസ് ബാധിച്ചതെന്ന് സ്ഥിരീകരിക്കുക എളുപ്പമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. പൊതുപരിപാടികളിൽ അദ്ദേഹം നിരവധി ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആബർ‌ഡീൻ‌ഷയറിലുള്ള നാഷനൽ ഹെൽത്ത് സർവീസാണ് ഇരുവർക്കും പരിശോധന നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook