ന്യൂഡൽഹി: രാജ്യത്തെ എടിഎമ്മുകളിൽ രാത്രികാലത്ത് പണം നിറയ്ക്കുന്നതിന് നിയന്ത്രണം. ഇനി മുതൽ നഗരങ്ങളിൽ രാത്രി ഒൻപത് മണിക്ക് ശേഷം എടിഎമ്മുകളിൽ പണം നിറയ്ക്കില്ല. ഗ്രാമങ്ങളിൽ ഇതിന്റെ സമയം വൈകുന്നേരം ആറ് മണിയാണ്.

അതേസമയം നക്‌സൽ സ്വാധീന മേഖലയിൽ പണം നിറയ്ക്കുന്നതിനുളള സമയം വൈകുന്നേരം നാല് മണിയാക്കി വെട്ടിച്ചുരുക്കിയിട്ടുണ്ട്. അടുത്ത വർഷം ഫെബ്രുവരി എട്ടിന് മുൻപ് പുതിയ നിർദ്ദേശം പാലിക്കണമെന്നാണ് കേന്ദ്രസർക്കാർ ബാങ്കുകൾക്കും ഏജൻസികൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.

രാജ്യത്താകമാനം 8000ത്തിലേറെ സ്വകാര്യ വാഹനങ്ങൾ എടിഎമ്മുകളിൽ പണം നിറയ്ക്കാനായി സർവ്വീസ് നടത്തുന്നുണ്ട്. ഏതാണ്ട് 15000 കോടി രൂപയാണ് നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങൾ പ്രതിദിനം കൈകാര്യം ചെയ്യുന്നത്. ഇതുയർത്തുന്ന വെല്ലുവിളികൾ ശക്തമായതിനാലാണ് പുതിയ നടപടി. ചില ധനകാര്യ സ്ഥാപനങ്ങൾ രാത്രി വൈകിയും പണം എടിഎമ്മുകളിൽ നിറയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.

സദാസമയവും ആയുധധാരിയായ ഒരാൾ വാഹനത്തിൽ ഉണ്ടായിരിക്കണമെന്നാണ് എജൻസികൾക്ക്​ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തി​​ന്‍റെ നിർദ്ദേശം. ഈ ജോലിക്ക് വിരമിച്ച പട്ടാളക്കാരുടെ സേവനം ഉപയോഗപ്പെടുത്താം. എന്നാൽ പണവുമായി പോകുന്ന വാഹനത്തിലുളള എല്ലാ ജീവനക്കാരും പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങിയവരാകണം എന്നും നിർദ്ദേശം ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook