ന്യൂഡല്‍ഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുത്തതായി റിപ്പോര്‍ട്ട്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്തിനെ രാഹുല്‍ ഗാന്ധി തീരുമാനം അറിയിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തെ ചൊല്ലി കോൺഗ്രസിൽ എതിർപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടിരുന്നു. ഡൽഹിയിലെ സഖ്യവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളും എഎഐസിസി സെക്രട്ടറി പി.സി.ചാക്കോയുമായി ചർച്ച നടത്തിയിരുന്നു. പി.സി.ചാക്കോയും കെ.സി.വേണുഗോപാലും ആണ് ഷീല ദീക്ഷിത്തിനെ രാഹുലിന്റെ തീരുമാനം അറിയിച്ചതെന്നാണ് വിവരം. ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Read: ലോക്സഭാ തിരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഡൽഹിയിലെ ഏഴ് സീറ്റുകളിൽ കോൺഗ്രസിന് രണ്ട് സീറ്റ് നൽകാമെന്നായിരുന്നു ആം ആദ്മി വ്യക്തമാക്കിയത്. എന്നാൽ മൂന്ന് സീറ്റുകൾ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിൽ എതിർപ്പറിയിച്ച് ഷീല ദീക്ഷിത് നേരത്തെ രംഗത്തുവന്നിരുന്നു. സഖ്യം കോൺഗ്രസിന് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും താൻ സഖ്യത്തിന് എതിരാണെന്നും ഷീല ദീക്ഷിത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു.

നേരത്തെ ഡൽഹിയിൽ സഖ്യം വേണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും സഖ്യം വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വീകരിച്ചത്. എന്നാൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നടത്തിയ സർവ്വേയിൽ സഖ്യമായി മത്സരിച്ചാൽ മികച്ച വിജയം നേടാമെന്ന് ഭൂരിഭാഗം ആളുകളും പ്രതികരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook