ഗുഡ്‌ഗാവ്: ആധാർ കാർഡ് കൊണ്ടുവരാത്തതിനാൽ ഗർഭിണിക്ക് ചികിൽസ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. ഒടുവിൽ യുവതി ആശുപത്രിക്ക് പുറത്ത് കുഞ്ഞിന് ജന്മം നൽകി. ഗുഡ്ഗാവിലെ സിവിൽ ആശുപത്രിയിലാണ് സംഭവം.

കുഞ്ഞിനെ പ്രസവിച്ച് ഏറെ നേരം കഴിഞ്ഞ ശേഷമാണ് യുവതിക്ക് ചികിൽസ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായത്. സംഭവത്തിൽ ഒരു ഡോക്ടറെയും നഴ്സിനെയും സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ.പ്രദീപ് ശർമ്മ പറഞ്ഞു.

പ്രസവ വേദന കടുത്തതോടെയാണ് 25 കാരിയായ മുന്നിയെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് ആംബുലൻസിൽ സിവിൽ ആശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിൽ എത്തിയപ്പോൾ ജീവനക്കാർ ആധാർ കാർഡ് ചോദിച്ചു. ആധാർ കാർഡ് കൈയ്യിൽ ഇല്ലെന്നും കാർഡ് നമ്പർ നൽകാമെന്ന് പറഞ്ഞെങ്കിലും ലേബർ റൂമിൽ ഉണ്ടായിരുന്ന ഡോക്ടറും നഴ്സും അത് സ്വീകരിക്കാൻ തയ്യാറായില്ലെന്ന് മുന്നിയുടെ ഭർത്താവ് ബബ്‌ലൂ പറഞ്ഞു.

”എന്റെ ആധാർ കാർഡ് നൽകാമെന്നും തൽക്കാലം ഭാര്യയ്ക്ക് ചികിൽസ നൽകണമെന്നും പറഞ്ഞു. അതിനും അവർ തയ്യാറായില്ല. ഒടുവിൽ ആശുപത്രി വരാന്തയിൽ മുന്നി ജന്മം നൽകി” ബബ്‌ലൂ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ