ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം അമിതാവ് ഘോഷിന്. ഡൽഹിയിൽ ചേർന്ന ജ്ഞാനപീഠ പുരസ്കാര സമിതി യോഗത്തിലാണ് തീരുമാനം. സമിതി ഐകകണ്ഠേനയാണ് അമിതാവ് ഘോഷിനെ പുരസ്കാരത്തിന് നിർദ്ദേശിച്ചതെന്നാണ് വിവരം. ഇംഗ്ലീഷ് ഭാഷയിലെഴുതുന്ന സാഹിത്യകാരൻ ആദ്യമായാണ് ജ്ഞാനപീഠം പുരസ്കകാരത്തിന് അർഹനാകുന്നത്.

രാജ്യത്ത് 54ാമത് ജ്ഞാനപീഠ പുരസ്കാരത്തിനാണ് ഘോഷ് അർഹനായിരിക്കുന്നത്. 1954 ൽ ജനിച്ച അമിതാവ് ഘോഷ് തന്റെ ഇംഗ്ലീഷ് രചനകളിലൂടെയാണ് പ്രശസ്തനായത്. ജ്ഞാനപീഠ പുരസ്കാരം തനിക്ക് ലഭിക്കുമെന്ന് ജീവിതത്തിൽ ഇന്നേവരെ പ്രതീക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

“ഞാൻ ഏറെ ആദരിക്കുന്ന ഒരുപിടി എഴുത്തുകാരുളള പട്ടികയിൽ എന്നെങ്കിലും എന്റെ പേരും ഇടംപിടിക്കുമെന്ന് ഞാൻ കരുതിയതല്ല. നന്ദിയുണ്ട്,” എന്ന് അദ്ദേഹം തന്റെ ട്വീറ്റിൽ കുറിച്ചു.

ദി സർക്കിൾ ഓഫ് റീസൺ, ഷാഡോ ലൈൻസ്, ദി കൽക്കട്ട ക്രോമസോം, സീ ഓഫ് പോോപ്പിൻസ് തുടങ്ങിയവയാണ് ഘോഷിന്റെ അതിപ്രശസ്‌തമായ രചനകൾ. 2007 ൽ ഇദ്ദേഹത്തെ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരതീയ ജ്ഞാനപീഠ സമിതി 1961 ലാണ് ഈ​ പുരസ്ക്കാരം സ്ഥാപിതമായത്. 1965ലാണ് ആദ്യ പുരസ്ക്കാരം നൽകിയത്.  മലയാളത്തിലെ പ്രശസ്ത കവി ജി. ശങ്കരക്കുറുപ്പിനാണ് ആദ്യ ജ്ഞാനപീഠം ലഭിച്ചത്. അദ്ദേഹത്തിന്റെ ഓടക്കുഴൽ എന്ന കവിതാ സമാഹാരത്തിനാണ് ആദ്യ പുരസ്ക്കാരം ലഭിച്ചത്. പിന്നീട് ​എസ് കെ പൊറ്റക്കാട, തകഴി, എം ടി വാസുദേവൻ നായർ, ഒ എൻ വി കുറപ്പ് എന്നിവർക്കാണ് മലയാളത്തിൽ നിന്നും ജഞാനപീഠ പുരസക്കാരം ലഭിച്ചിട്ടുളളവർ.

മലയാളികൾക്ക് മലയാളികളെ പോലെ സ്വന്തമായി മാറിയ സാഹിത്യപ്രതിഭകളായ താരാശങ്കർ ബാനർജി, മഹേശ്വതാ ദേവി, യു ആർ അനന്തമൂർത്തി, അമൃതാ പ്രീതം,ചന്ദ്രശേഖര കമ്പാർ, അലി സർദാർ ജാഫ്രി, പ്രതിഭാറോയ് എന്നിവർക്കും ജഞാനപീഠ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. ഈ വർഷത്തെ പുരസ്ക്കാര ജേതാവായ അമിതാവ് ഘോഷും മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook