ലണ്ടന്‍: 70 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ ഇന്ത്യയോട് തോറ്റ് പാക്കിസ്ഥാന്‍. ഹൈദരാബാദ് നൈസാമിന്റെ സ്വത്തിന്‍ മേലുള്ള തര്‍ക്കത്തിലാണ് ഇന്ത്യയ്ക്ക് നിയമപരമായ വിജയം. ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജന സമയത്ത് 1947 ല്‍ ലണ്ടനിലെ ബാങ്ക് അക്കൗണ്ടില്‍ നൈസാം നിക്ഷേപിച്ച തുകയെ ചൊല്ലിയായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തര്‍ക്കം നടന്നിരുന്നത്. യുകെയിലെ കോടതിയാണ് ഇന്ത്യയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പാക്കിസ്ഥാന്‍ വാദങ്ങളെ കോടതി തള്ളി കളഞ്ഞു. 35 മില്ല്യണ്‍ പൗണ്ടിനുവേണ്ടിയായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടത്.

10 ലക്ഷം പൗണ്ടും ഒന്‍പത് ഷെല്ലിങ്ങുകളുമാണ് നൈസാം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നത്. ഇതിന്റെ മൂല്യം ഇപ്പോള്‍ 35 മില്ല്യണ്‍ പൗണ്ടാണ്. 1948 ല്‍ ഹൈദരാബാദ് നൈസാം ആയിരുന്ന ഒസ്മാന്‍ അലി ഖാന്‍ ബ്രിട്ടനിലെ അന്നത്തെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറായ ഹബീബ് ഇബ്രാഹിം റഹിംതുലയുടെ ലണ്ടനിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ തുക മാറ്റിയത്.

Read Also: മഹാത്മ ഗാന്ധി 1947 ല്‍ ആര്‍എസ്‌എസ് ശാഖ സന്ദര്‍ശിച്ചു, പ്രവര്‍ത്തകരുടെ അച്ചടക്കത്തെ അഭിനന്ദിച്ചു: മോഹന്‍ ഭാഗവത്

നൈസാമിന്റെ നിക്ഷേപമായ 35 മില്ല്യണ്‍ പൗണ്ട് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ചാണ് പാക്കിസ്ഥാൻ കേസിനു പോയത്. നൈസാമിന്റെ പിന്തുടര്‍ച്ചക്കാരനായ മുഖാറം ഝായും അദ്ദേഹത്തിന്റെ സഹോദരന്‍ മുഫക്കം ഝായും സ്വത്തില്‍ അവകാശമുന്നയിച്ച് രംഗത്തെത്തി. ഇവർക്ക് ഇന്ത്യ നിയമപരമായ പിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കേസ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിയമപോരാട്ടമായി.

ലണ്ടനിലെ നാഷണൽ വെസ്റ്റ് മിനിസ്റ്റർ ബാങ്കിലാണ് സ്വത്ത് ഇപ്പോൾ ഉള്ളത്. നെെസാം ഏഴാമൻ മാത്രമാണ് സ്വത്തിന് പൂർണ്ണ അവകാശിയെന്ന് കോടതി വിധിച്ചതോടെ ഇത് ഇന്ത്യയിലെത്തും. തങ്ങളിൽ നിന്ന് ആയുധം വാങ്ങിയതിനു നെെസാം തന്ന തുകയാണിതെന്ന് പാക്കിസ്ഥാൻ കോടതിയിൽ വാദിച്ചെങ്കിലും കോടതി അത് വിശ്വാസത്തിലെടുത്തില്ല.

Read Also: ഭീകരർക്കു പെൻഷൻ നൽകുന്ന ഏക രാജ്യം പാക്കിസ്ഥാൻ; ആഞ്ഞടിച്ച് ഇന്ത്യ

പാക്കിസ്ഥാന്റെ വാദഗതികൾക്ക് തെളിവില്ലെന്നാണ് ലണ്ടൻ കോടതി കണ്ടെത്തിയത്. കോടതി വിധി പരിശോധിച്ചശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2013 ലാണ് പാക്കിസ്ഥാൻ സ്വത്തിന്റെ പേരിലുള്ള കേസിനു പോയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook