ചെന്നെെ: നിവാർ ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. അതേസമയം നിവാർ നാശം വിതയ്ക്കുമെന്ന​ ആശങ്ക നിലനിൽക്കെ തമിഴ്നാട്ടിൽ നാളെ പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.  അത്യാവശ്യ സേവനങ്ങൾ നാളെയും പ്രവർത്തിക്കും.

നിവാർ 120 കിലോമീറ്റർ വേഗതയിൽ നാളെ വൈകിട്ട് കാരക്കലിനും മാമല്ലപുരത്തിനും ഇടയിൽ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ കടക്കുമെന്നാണു കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിനു മുന്നോടിയായി പെയ്ത കനത്തമഴയിൽ ചെന്നൈ വെള്ളക്കെട്ടിലായി. കല്‍പ്പാക്കം ന്യൂക്ലിയര്‍ റിയാക്ടര്‍ ടൗണ്‍ ഷിപ്പില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് കടന്നുപോകും വരെ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മഴ കൂടുതൽ തീവ്രമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ട്രെയിനുകള്‍ റദ്ദാക്കി.  തീരദേശത്ത് ബസ് സര്‍വീസ് നിര്‍ത്തും.

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങൾ, വടക്ക് മേഖലയിലെ ഉൾഭാഗങ്ങൾ, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ 24, നവംബർ 26 തിയതികളിൽ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരദേശം, റായലസീമ എന്നിവിടങ്ങളിൽ  25, 26 തീയതികളിലും തെക്കുകിഴക്കൻ തെലങ്കാനയിൽ 26നും വ്യാപകമായി ഇടിമിന്നലോടു കൂടി മഴയുണ്ടാകും.

തമിഴ്‌നാട്ടിനും പുതുച്ചേരിക്കും റെഡ് അലർട്ട് നൽകിയ കാലാവസ്ഥ വകുപ്പ് ആന്ധ്രയുടെയും തെലങ്കാനയുടെയും തീരദേശങ്ങളിൽ മഞ്ഞ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

നാളെ വരെ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറൻ മേഖലകളിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കാൻ കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ജീവൻ നഷ്ടപ്പെടാതിരിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പുതുച്ചേരിയിൽ 144 വകുപ്പ് പ്രഖ്യാപിച്ചു.

നിവാർ നാശം വിതയ്ക്കാൻ സാധ്യതയുള്ള തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ 22 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ പന്ത്രണ്ടും പുതുച്ചേരിയിൽ മൂന്നും ആന്ധ്രയിൽ ഏഴും സംഘങ്ങളെയാണ് വിന്യസിച്ചത്. ഗുണ്ടൂർ, തൃശൂർ, മുണ്ടിലി എന്നിവിടങ്ങളിലായി കൂടുതൽ സംഘങ്ങളെ സജ്ജമാക്കി നിർത്തിയിട്ടുമുണ്ട്.

ബംഗാൾ ഉൽക്കടലിൽ രൂപംകൊണ്ട് ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി 48 മണിക്കൂറിനുള്ളിൽ ‘നിവാർ’ ചുഴലിക്കാറ്റായി മാറി തുടർന്ന് വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗതയിൽ കാരയ്‌ക്കലിനും മാമല്ലാപുരത്തിനുമിടയിൽ നവംബർ 25 വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ചുഴലിക്കാറ്റ് ചെന്നൈയിൽ കര തൊടാനാണു അമേരിക്കൻ നാവിക ഏജൻസി JTWC (Joint Typhoon Warning Center  സാധ്യത കൽപ്പിക്കുന്നത്.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ചെന്നൈയ്‌ക്കും കാരയ്‌ക്കലിനുമിടയിലുള്ള പ്രദേശങ്ങൾ അതീവ ജാഗ്രത പാലിക്കണം. നാഗപ്പട്ടണം, തിരുവരുർ, കാരയ്ക്കൽ, പുതുച്ചേരി, പുതുക്കോട്ട, അറിയാലൂർ, തഞ്ചവൂർ, വില്ലുപുരം മേഖലകളിലാണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read Also: നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി അറസ്റ്റിൽ

തമിഴ്നാട് സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നത്. കടലില്‍പോയ മുഴുവന്‍ മല്‍സ്യത്തൊഴിലാളികളോടും അടിയന്തരമായി തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. വടക്കന്‍ തമിഴ്നാട്ടിലെ കടലോര ജില്ലകളില്‍ താല്‍കാലിക ഷെല്‍ട്ടറുകള്‍ തുറന്നു. കോളേജുകൾ, സ്കൂളുകള്‍ തുടങ്ങി അടഞ്ഞു കിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ താക്കോലുകള്‍ റവന്യു അധികാരികളെ ഏല്‍പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്നതിനു വേണ്ടിയാണിത്.

അതേസമയം, നിവാർ ചുഴലിക്കാറ്റ് കേരളത്തിൽ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook