പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി എട്ടാം തവണ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി നന്ദ്രേ മോദിയെ ആക്രമിച്ച് നിതീഷ് കുമാര്‍. 2024 ലെ തിരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ച് കേന്ദ്രത്തിലെ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ ആകുലപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”2014ല്‍ അധികാരത്തിലെത്തിയവര്‍ 2024ല്‍ വിജയിക്കുമോ? 2024ല്‍ പ്രതിപക്ഷം ഒറ്റക്കെട്ടാവണമെന്നാണ് ആഗ്രഹം,” നിതീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2024ല്‍ പ്രധാനമന്ത്രി പദവി താന്‍ ലക്ഷ്യമിടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ”ഞാന്‍ അത്തരം ഒരു പദവിക്കും (പ്രധാനമന്ത്രി സ്ഥാനം) വേണ്ടിയുള്ള മത്സരാര്‍ത്ഥിയല്ല,” നിതീഷ് പറഞ്ഞു.
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ വര്‍ണര്‍ ഫാഗു ചൗഹാന്‍ നിതീഷിനു സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
77 എം എല്‍ എമാരുള്ള നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ബി ജെ പിയുടെ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തില്ല. പാര്‍ട്ടിക്ക് ‘ക്ഷണമൊന്നും ലഭിച്ചിട്ടില്ല’ എന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു.
ഇന്നലെയാണു ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഇതിനു പിന്നാലെ ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നിവര്‍ ഉള്‍പ്പെടുന്ന മഹാഗത്ബന്ധന്റെ നേതാവായി നിതീഷിനെ തിരഞ്ഞെടുത്തു. തുടര്‍ന്ന് തേജസ്വി യാദവിനൊപ്പം ഗവര്‍ണറെ സന്ദര്‍ശിച്ച അദ്ദേഹം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു.
മണിക്കൂറുകള്‍ക്കകം ആര്‍ ജെ ഡിക്കു പുറമെ കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, ഒരു സ്വതന്ത്രന്‍ എന്നിവരുള്‍പ്പെടെ ഏഴ് പാര്‍ട്ടികളിലെ 164 എം എല്‍ എമാരുടെ പട്ടികയാണു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടേതായി നിതീഷ് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചത്.