പട്ന: തുടർച്ചയായ നാലാം തവണയും ബിഹാർ മുഖ്യമന്ത്രിയായി ജെഡി(യു) നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച വൈകിട്ട് രാജ് ഭവനില്‍ കൊവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരുന്നു സത്യപ്രതിജ്‍ഞ.
#WATCH: Nitish Kumar takes oath as the Chief Minister of Bihar for the seventh time – his fourth consecutive term. pic.twitter.com/5jcZXabSYw
— ANI (@ANI) November 16, 2020
ഞായറാഴ്ച ചേർന്ന എൻഡിഎ നിയമസഭാ കക്ഷിയോഗം നിതീഷ് കുമാറിനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ബിഹാർ സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി നടന്ന മുന്നണി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബിജെപി നേതാവ് സുശീൽകുമാർ മോദി ഉപമുഖ്യമന്ത്രിയാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. സർക്കാർ രൂപീകരിക്കാൻ അനുമതി തേടി ഇന്നലെ തന്നെ നിതീഷ് കുമാർ ഗവർണറെ കണ്ടു.
“എൻഡിഎയുടെ തീരുമാനം ഗവർണറെ അറിയിക്കുകയും എംഎൽഎമാരുടെ പിന്തുണാ കത്ത് ഞങ്ങൾ സമർപ്പിക്കുകയും ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങ് നാളെ ഉച്ചയ്ക്ക് നടക്കും. ആരാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് ഞങ്ങൾ സംസാരിക്കുകയും തീരുമാനിക്കുകയും ചെയ്യും.” ചടങ്ങിനുശേഷം മന്ത്രിസഭ തീരുമാനിക്കും വീട് വിളിച്ചുചേരുമെന്ന് നിതീഷ് കുമാർ ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ബീഹാർ ജനത ഞങ്ങൾക്ക് അവസരം നൽകി, അതിനാൽ കൂടുതൽ വികസനം നടക്കും. അപര്യാപ്തത ഉണ്ടാകരുത്,” നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ സഖ്യം അധികാരത്തിലെത്തിയത്. ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം 110 ൽ ഒതുങ്ങി. എൻഡിഎയിൽ ബിജെപിക്കാണ് കൂടുതൽ സീറ്റ്. എന്നാൽ, നേരത്തെ നിശ്ചയിച്ചതുപോലെ ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറിന് തന്നെ മുഖ്യമന്ത്രി സ്ഥാനം നൽകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി 74 സീറ്റ് നേടിയപ്പോൾ ജെഡിയുവിന് ലഭിച്ചത് 43 സീറ്റുകൾ മാത്രമാണ്. ജെഡിയുവിന്റെ മോശം പ്രകടനത്തിൽ നിരാശനായ നിതീഷ് കുമാർ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് മുന്നണിയെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ബിജെപി നേതാക്കൾ നിതീഷിനോട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്യുകയാണ് ആർജെഡി. പല മണ്ഡലങ്ങളിലും വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ആർജെഡി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് ആർജെഡി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. മറുവശത്ത് മഹാസഖ്യത്തിലെ മറ്റൊരു കക്ഷിയായ കോൺഗ്രസിനുള്ളിൽ ഭിന്നതയുണ്ട്. ബാഗല്‍പുര്‍ എംഎല്‍എ അജീത് ശര്‍മയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബഗേലിനെയാണ് പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ഡിഎ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.