പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. അഴിമതി ആരോപണ വിധേയനായ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് സ്ഥാനമൊഴിയാത്ത സാഹചര്യത്തിലാണ് ജെ.ഡി.യു നേതാവ് രാജിവെച്ചത്.
ബി.ജെ.പിക്കെതിരെ രൂപം കൊണ്ട ബീഹാറിലെ മഹാസഖ്യം പിളർപ്പിലേക്ക് തന്നെയാണെന്ന് ഇതോടെ വ്യക്തമായി. ജെഡിയു എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഗവർണറെ നേരിട്ട് കണ്ട് രാജിക്കത്ത് കൈമാറാന്‍ നിതീഷ് തീരുമാനിച്ചത്.
ഇതോടെ നിതീഷിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ച് ബിജെപി രംഗത്തെത്തി. ഇതോടെ ബിഹാറില്‍ വീണ്ടും ബിജെപി-ജെഡിയു സഖ്യത്തിന് വഴിയൊരുങ്ങി. ജെഡിയു അധ്യക്ഷനായിരുന്ന നിതീഷ് കുമാർ ആർജെഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് മന്ത്രിസഭ രൂപീകരിച്ചത്. ആർജെഡിക്ക് എണ്‍പതും ജെഡിയുവിന് എഴുപത്തൊന്നും അംഗങ്ങളാണ് നിയമസഭയിലുള്ളത്. ബിജെപി പിന്തുണയ്ക്കുന്നതോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായേക്കും. നാളെ തന്നെ ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരത്തില്‍ വീണ്ടമേറുമെന്നാണ് വിവരം.
ബിഹാര്‍ ജനങ്ങളുടെ താത്പര്യത്തിന് അനുസരിച്ചാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കാൻ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആർജെഡി അനുവദിക്കുന്നില്ലെന്ന് നിതീഷ് കുറ്റപ്പെടുത്തി. അഴിമതി ആരോപണത്തിൽ കുരുങ്ങിയ തേജസ്വി യാദവിനെതിരേ പാർട്ടി നടപടിയെടുക്കണമെന്നും നിതീഷ് മാധ്യമങ്ങളോടു സംസാരിക്കവെ ആവശ്യപ്പെട്ടു. തേജസ്വിയോട് രാജി വെക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയത്.
Read More : നിതീഷിന്റെ രാജിക്കുളള കാരണങ്ങൾ ഇവയാണ്
ലാലുപ്രസാദ് യാദവ്, മകൻ തേജസ്വി, മകളും രാജ്യസഭാ എംപിയുമായ മിസ ഭാരതി എന്നിവരുടെ വസതികളിൽ സിബിഐ റെയ്ഡു നടത്തിയതിനെത്തുടർന്നാണ് ബിഹാറിലെ മഹാസഖ്യം ഉലയാൻ തുടങ്ങിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപിയെ ജെഡിയു സഹായിച്ചത് പ്രശ്നം വഷളാക്കി. മഹാസഖ്യം പൊളിയാതിരിക്കാൻ ജെഡിയു- ആർജെഡി പാർട്ടികൾക്കിടയിൽ കോണ്‍ഗ്രസ് മധ്യസ്ഥശ്രമം നടത്തിയെങ്കിലും ഇത് അസ്ഥാനത്താക്കിയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്.
ഇതിനിടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അഴിമതിക്കെതിരായ പോരാട്ടത്തിൽ അണിചേരുന്നതിന് അഭിനന്ദനമെന്നായിരുന്നു മോദിയുടെ ട്വീറ്റ്. അദ്ദേഹത്തിന്റെ തീരുമാനത്തെ രാജ്യത്തെ നൂറുകോടി ജനങ്ങൾ സ്വാഗതം ചെയ്യുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ സത്യസന്ധതയെ പിന്തുണയ്ക്കുന്നുവെന്നും മോദി അറിയിച്ചു.