പട്ന: വരുന്ന പൊതു തെരഞ്ഞെടുപ്പിൽ താൻ പ്രതിപക്ഷത്തിന്റെ മുഖമല്ലെന്നും പ്രധാനമന്ത്രിയാകാൻ താനില്ലെന്നും ജെഡിയു അദ്ധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. തനിക്ക് പ്രതിപക്ഷ മുഖവാനുള്ള കഴിവില്ലെന്നും നിതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിന് തിരിച്ചടിക്കാത്തതും, ഏറ്റവും മികച്ചതുമായ ഒരു നയം തയാറാക്കേണ്ടത് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയെന്ന നിലയിൽ കോൺഗ്രസിന്റെ ചുമതലയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ ഇത്തരമൊരു നയത്തെ ആധാരമാക്കിയല്ല പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനമെന്നും നിതീഷ് കുമാർ ചൂണ്ടിക്കാട്ടി. ചിദംബരവും രാഹുൽ ഗാന്ധിയും ഈ പ്രതിപക്ഷത്തെ നയിക്കട്ടെയെന്നും നിതീഷ് കൂട്ടിച്ചേർത്തു.

‘അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർഥി ഞാനാണ് എന്ന തരത്തിലുള്ള പ്രചാരണം വെറും അഭ്യൂഹം മാത്രമാണ്. അതിനുള്ള കഴിവോ ആഗ്രഹമോ എനിക്കില്ല. മാത്രമല്ല, ഞങ്ങളുടേത് ചെറിയൊരു പാർട്ടി മാത്രമാണ്. അത്തരമൊരു പാർട്ടിക്ക് ഇത്രവലിയ ആഗ്രഹങ്ങൾ ഉണ്ടാകുമോ’- നിതീഷ് കുമാർ ചോദിച്ചു.

പ്രതിപക്ഷം കർഷക പ്രശ്നങ്ങൾ മറന്നു. അത്തരം പ്രശ്നങ്ങൾ സ്വകാര്യമായി മാത്രമാണ് ചർച്ച ചെയ്യുന്നത്. നോട്ട് നിരോധനം ബി.ജെ.പിക്കെതിരായി ചർച്ച ചെയ്തിട്ട് കാര്യമില്ല. ജി.എ.സ്.ടിയെ സംസ്ഥാനം അനുകൂലിക്കുന്നു. ഒറ്റ നികുതി സംവിധാനം കാര്യങ്ങളിൽ കൃത്യത കൊണ്ടുവരുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

ബിഹാറിലെ നിതീഷ് കുമാർ സർക്കാരിൽ സഖ്യകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആർജെഡി, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യം എന്ന ആവശ്യത്തിനൊപ്പമാണ്. പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് മീരാ കുമാറിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലാലു, നിതീഷ് കുമാരിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം അതിനു വഴങ്ങിയിരുന്നില്ല. എൻഡിഎ സ്ഥാനാർത്ഥിക്കാണ് തന്റെ പിന്തുണയെന്ന് നിതീഷ് കുമാർ വ്യക്തമാക്കിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ