ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി. നിതീഷ് കുമാറിന് പുറമേ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡി(യു) തലവൻ രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്) എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ച ഡൽഹിയെത്തിയ നിതീഷ്, കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള മഞ്ഞുരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതിപക്ഷ ഐക്യത്തിനായി നിതീഷിനെ വിളിച്ചതിന് പിന്നാലെയാണ് ഖാർഗെയുടെ വസതിയിൽ യോഗം ചേർന്നത്. ബിജെപി സർക്കാരിനെ നേരിടാൻ ശക്തമായ പ്രതിപക്ഷത്തെ രൂപീകരിക്കാൻ കോൺഗ്രസിനും മറ്റും പാർട്ടികൾക്കും ഇടയിലുള്ള ഒരു പാലമായി നിതീഷ് മാറിയേക്കാമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബിഹാറിൽ തന്റെ സഖ്യകക്ഷിയായ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദുമായി നിതീഷ് ചൊവാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി പ്രസാദ് യാദവിനെ ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണത്തിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിളിച്ചുവരുത്തിയതിനാൽ ഡൽഹിയിൽ തന്നെ ഉണ്ടായിരുന്നു.
ബിജെപിയെ നേരിടാനായി സമാന ചിന്താഗതിയുള്ള പാർട്ടികളുമായി ഐക്യമുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിൽ ഖാർഗെ അടുത്തിടെ നിരവധി പ്രതിപക്ഷ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരെയും ഖാർഗെ സമീപിച്ചിരുന്നു. വരും ആഴ്ചകളിൽ പ്രതിപക്ഷത്തിന്റെ ഉന്നത നേതാക്കളുമായി ഖാർഗെ കൂടിക്കാഴ്ച നടത്തിയേക്കും.