ന്യൂഡൽഹി: മുഖ്യമന്ത്രിമാർ അടക്കമുള്ള പെതുപ്രവർത്തകർ പത്മാവതി സിനിമക്കെതിരെ അഭിപ്രായങ്ങൾ പറയുന്നതിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പത്മാവതിയെ എതിർത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംവിധായകൻ സഞ്ജയ് ലീലാ ബൻസാലി വ്യക്തത വരുത്തുന്നത് വരെ ബിഹാറിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു.

‘പത്മാവതിക്കെതിരെ വിവിധ കോണിൽ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. സംവിധായകൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അതുവരെ ചിത്രം ബിഹാറിൽ പ്രദർശിപ്പിക്കില്ല’ നിതീഷ് വ്യക്തമാക്കി. ബിഹാർ സാംസ്കാരിക വകുപ്പ് മന്ത്രി ക്രിഷ്ണകുമാർ റിഷിയും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. ചിത്രത്തിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കാതെ സിനിമ പ്രദർശിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘പത്മാവതി’ക്കെതിരെ സമൂഹത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവർ നടത്തുന്ന പ്രസ്താവനകള്‍ നിയമലംഘനമാണെന്ന് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചിരുന്നു. ചിത്രത്തിന് നിരോധനമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഹർജി മൂന്നാമത്തെ തവണയും തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സിനിമയ്ക്കെതിരെ ചില മുഖ്യമന്ത്രിമാർ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.

ചിത്രത്തിന് അനുമതി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് ഉളളപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി. ‘ഇപ്പോഴും ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലിരിക്കെ അധികാരത്തിലിരിക്കുന്ന ചിലര്‍ക്ക് എങ്ങനെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കണോ വേണ്ടയോ എന്ന് പറയാനാകുമെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡിനും മുന്‍വിധി ഉണ്ടാക്കാന്‍ മാത്രമേ ഇത് സഹായിക്കുകയുളളൂവെന്നും കോടതി നിരീക്ഷിച്ചു.

ബിജെപി ഭരിക്കുന്ന അഞ്ചോളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് ആദ്യം ചിത്രം നിരോധിച്ച് കൊണ്ടുളള പ്രഖ്യാപനം നടത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സഞ്ജയ് ലീല ബന്‍സാലിക്കെതിരെ രംഗത്ത് വന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.

രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവതി. റാണി പത്മിനിയോട് ഖിൽജി രാജവംശത്തിലെ സുൽത്താൻ അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. രൺവീർ സിങ്ങാണ് അലാവുദ്ദീൻ ഖിൽജി. റാണി പത്മിനിയുടെ ഭർത്താവ് രത്തൻ സിങ്ങിന്റെ വേഷത്തിൽ ഷാഹിദ് കപൂർ എത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ