ന്യൂഡൽഹി: ഈവർഷം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു എൻഡിഎയെയ്ക്കൊപ്പം തന്നെ മത്സരിക്കുമെന്നും 200 ലധികം സീറ്റുകളിൽ വിജയിക്കുമെന്നും ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. 243 സീറ്റുകളാണ് ബിഹാർ നിയമസഭയിൽ ഉള്ളത്.
ആർജെഡിയും കോൺഗ്രസും ന്യൂനപക്ഷങ്ങളുടെ വോട്ട് മാത്രമാണ് ലക്ഷ്യമിട്ടതെന്നും എന്നാൽ ജെഡിയു അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവെന്നും പറഞ്ഞ നിതീഷ് കുമാർ പ്രതിപക്ഷത്തെ കടന്നാക്രമിച്ചു.
Read More: ഞാൻ കൊലവിളി നടത്തിയിട്ടില്ല, മാധ്യമങ്ങൾ കള്ളം പറയുന്നു: അനുരാഗ് ഠാക്കൂർ
തന്റെ 69-ാം ജന്മദിനത്തിൽ പട്നയിലെ ഗാന്ധി മൈതാനത്ത് സംസ്ഥാനത്തുടനീളമുള്ള പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ.
“എൻഡിഎയ്ക്കൊപ്പം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും 200 ലധികം സീറ്റുകൾ നേടുകയും ചെയ്യും. ക്രമസമാധാനം മെച്ചപ്പെട്ടു, കുറ്റകൃത്യങ്ങളുടെ അനുപാതം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് നിലവിൽ ബിഹാർ.”
സംസ്ഥാനത്തെ ജെഡിയു-ബിജെപി സർക്കാർ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതിലൂടെ ഭാഗൽപൂർ കലാപബാധിതർക്ക് നീതി ഉറപ്പാക്കിയെന്നും നിതീഷ് കുമാർ എടുത്തുപറഞ്ഞു. ഗാന്ധി മൈതാനത്ത് നടന്ന യോഗത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള ബൂത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും പങ്കാളിത്തം ഉണ്ടായി.
എൻആർസിക്കും എൻപിആറിനും എതിരായി സംസ്ഥാന നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിട്ടുണ്ടെന്നും സിഎഎയുടെ കാര്യത്തിൽ ക്ഷമ പാലിക്കുമെന്നും പറഞ്ഞ നിതീഷ്, വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്നും പറഞ്ഞു.
“എന്‍ആര്‍സി ഇവിടെ നടപ്പാക്കാന്‍ പോവുന്നില്ല. എന്‍പിആര്‍ 2010 ല്‍ നടപ്പാക്കിയ രീതിയില്‍ മാത്രമേ നടപ്പിലാക്കുകയുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് ചെയ്യൂ.”
എന്‍ആര്‍സി ബിഹാറില്‍ നടപ്പാക്കില്ലെന്നും 2010ലെ എന്‍പിആര്‍ പുതുക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും നിതീഷ് കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ പാര്‍ട്ടി പിന്തുണച്ചിരുന്നെങ്കിലും എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ജെഡിയു പ്രസിഡന്റ് ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു.