ന്യൂഡല്‍ഹി : എന്‍ഡിഎ പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിയ നിതീഷ് കുമാറിനെ “അവസരവാദി” എന്ന് വിശേഷിപ്പിച്ച രാഷ്ട്രീയ ജനതാദള്‍ മുഖ്യന്‍ ലാലുപ്രസാദ് യാദവ്. ബിജെപിയുമായി കൈകോര്‍ക്കുന്നതുവഴി നിതീഷ് കുമാര്‍ ബീഹാറിലെ ജനങ്ങളെ ‘ചതിക്കുകയായിരുന്നു’ എന്നും പറഞ്ഞു.

“ഞാന്‍ അദ്ദേഹത്തെ ഒരു ഇളയസഹോദരനെപ്പോലെയാണ് കണ്ടത്. അദ്ദേഹത്തിനു തന്നെ മുഖ്യമന്ത്രി ആവാം എന്നും ഞാന്‍ പറഞ്ഞിരുന്നു. പലരും എന്നോട് ചോദിച്ചു എനിക്കാണ് കൂടുതല്‍ സീറ്റ് ലഭിക്കുന്നത് എങ്കില്‍ എന്താണ് ഞാന്‍ ചെയ്യുകയെന്ന്. എനിക്ക് അധികാരകൊതിയുണ്ട് എങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാവാന്‍ ഞാന്‍ സമ്മതിക്കിലായിരുന്നുവല്ലോ ” പത്രംസമ്മേളനത്തില്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു.

ബിജെപിയുമായി സഖ്യംചേരില്ല എന്ന് നിതീഷ് നല്‍കിയ ഉറപ്പും ഓര്‍മിപ്പിക്കാന്‍ ലാലുപ്രസാദ് മറന്നില്ല. മഹാസഖ്യം നിര്‍മിക്കുന്ന ഘട്ടത്തിലുണ്ടായിരുന്ന “വര്‍ഗീയ വിരുദ്ധ” ലക്ഷ്യങ്ങളും നിതീഷ് മറന്നതായി ലാലുപ്രസാദ് പറഞ്ഞു. ” ബീഹാറിലേത് ബിജെപി വിരുദ്ധ ജനവിധിയായിരുന്നു. മോദിയെയും അമിത് ഷായേയും ബീഹാറില്‍ നിന്നും കെട്ടുകെട്ടിക്കുന്നതായിരുന്നു ആ ജനവിധി. ബിജെപി എന്നെ വിളിച്ചിരുന്നത് ബീഫ് തീറ്റക്കാരന്‍ എന്നായിരുന്നു. എന്ത് വന്നാലും ബിജെപിയുമായി കൂട്ടുചേരില്ല എന്നായിരുന്നു നിതീഷ് പറഞ്ഞിരുന്നത്. വലിയൊരു അവസരവാദിയാണ് നിതീഷ് ” ലാലുപ്രസാദ് പറഞ്ഞു.

ബിജെപിയും നിതീഷ് കുമാറും ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് തനിക്കും തന്‍റെ കുരുംബത്തിനുമെതിരെ നടക്കുന്ന സിബിഐയുടെ കേസ് എന്നും ആര്‍ജെഡി നേതാവ് പറഞ്ഞു. “അവരെന്നെ വഞ്ചിക്കുകയാണ്. നിതീഷ് കുമാര്‍ ബിജെപിയുമായി കൂട്ടുചേര്‍ന്ന് എനിക്കെതിരെ സിബിഐയെ ഉപയോഗപ്പെടുത്തുകയായിരുന്നു.” ലാലുപ്രസാദ് ആരോപിച്ചു. “എനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കെട്ടിചമച്ചതാണ്” അദ്ദേഹം പറഞ്ഞു.

“തേജസ്വിയെ പ്രതിരോധിക്കുക എന്നത് ബിജെപിയുടെ ആവശ്യമാണ്‌. അല്ലാത്തപക്ഷം 2019 തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും തേജസ്വി ബിജെപിയ്ക്കൊരു ഭീഷണിയായി വരും. അതിനാല്‍ തന്നെ അമിത് ഷായും നരേന്ദ്ര മോദിയും ചേര്‍ന്നൊരുക്കിയ ഗൂഡാലോചനയാണിത്. ഇത് രാഷ്ട്രീയപകപോക്കലില്‍ കവിഞ്ഞുമറ്റൊന്നുമല്ല. ” ലാലുപ്രസാദ് യാദവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ