ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അടക്കമുള്ള നേതാക്കള്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയുണ്ടാക്കാന്‍ ഒരുമിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
”ഞാനും നിതീഷ് കുമാറും ഹേമന്ത് സോറനും മറ്റു പലരും 2024ല്‍ ഒന്നിക്കും. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കും. നമ്മളെല്ലാവരും ഒരു വശത്തും ബിജെപി മറുവശത്തുമായിരിക്കും. 300 സീറ്റെന്ന അഹങ്കാരം ബിജെപിയുടെ ശത്രുവായിരിക്കും. 2024ല്‍ ‘ഖേല ഹോബ്’ ഉണ്ടാകും,” അവര്‍ പറഞ്ഞു.
ധിക്കാരവും ജനരോഷവും ബിജെപിയുടെ പരാജയ കാരണമാകുമെന്നും കൊല്‍ക്കത്തയില്‍ ഒരു പാര്‍ട്ടി പരിപാടിയെ അഭിസംബോധന ചെയ്യവെ മമത പറഞ്ഞു. ‘ഖേല ഹോബെ’ എന്ന ബംഗാളി പദപ്രയോഗം കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎംസിയുടെ യുദ്ധമുറവിളിയായിരുന്നു, അതില്‍ ബിജെപിയെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മൂന്നാം തവണയും തൃണമൂല്‍ അധികാരം നേടി.
ജാര്‍ഖണ്ഡില്‍ ബിജെപി നടത്തിയ കുതിരക്കച്ചവടത്തിനെതിരെയും മമത തുറന്നടിച്ചു. ”അടുത്തിടെ ബംഗാള്‍ പൊലീസ് പണക്കൂട്ടവുമായി ജാര്‍ഖണ്ഡ് എംഎല്‍എമാരെ അറസ്റ്റ് ചെയ്തത്” ഹേമന്ത് സോറന് സര്‍ക്കാരിന്റെ പതനത്തെ തടഞ്ഞു, ജൂലൈ 30 ന് പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ പഞ്ച്ലയില്‍ വെച്ച് ജാര്‍ഖണ്ഡിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ അവരുടെ വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്യുകയും കാറില്‍ നിന്ന് 49 ലക്ഷം രൂപയോളം പണം കണ്ടെത്തുകയും ചെയ്തു. തങ്ങളുടെ സംസ്ഥാനത്തെ ഒരു ആദിവാസി ഉത്സവത്തിന് സാരി വാങ്ങാനായിരുന്നു പണമെന്നാണ് ഇവരുടെ വാദം.
എംഎല്‍എമാര്‍ക്ക് 10 കോടി രൂപ വീതവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ഹേമന്ത് സോറന് സര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ജാര്‍ഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാഗമായ കോണ്‍ഗ്രസ് അവകാശപ്പെട്ടു.
സിബിഐയും ഇഡിയും ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് ബിജെപി കരുതുന്നു. അത്തരം തന്ത്രങ്ങള്‍ അവര്‍ എത്രത്തോളം പിന്തുടരുന്നുവോ അത്രയധികം അടുത്ത വര്‍ഷത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അവര്‍ പരാജയത്തിലേക്ക് അടുക്കും, ”മമത പറഞ്ഞു.