ന്യൂഡല്‍ഹി:ജെഡിയു, കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് പ്രശാന്ത് കിഷോര്‍. വ്യാമോഹത്താല്‍ നിതീഷ്കുമാര്‍ ഒറ്റപ്പെട്ട് കൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് എന്തെക്കെയോ പറയാന്‍ ആഗ്രഹമുണ്ട്, പക്ഷേ വ്യത്യസ്തമായ എന്തെങ്കിലും പറഞ്ഞുകൊണ്ട് അവസാനിക്കുന്നു, ബിഹാറിലുടനീളം പര്യടനം നടത്തുന്ന പ്രശാന്ത് കിഷോര്‍ പറഞ്ഞു.
”പ്രായം നിതീഷ് ജിയില്‍ സ്വാധീനം ചെലുത്തുന്നു, അയാള്‍ക്ക് എന്തെങ്കിലും പറയാന്‍ ആഗ്രഹമുണ്ട്, പക്ഷേ അയാള്‍ മറ്റൊന്നാണ് സംസാരിക്കുന്നത്. ഞാന്‍ ബിജെപി അജണ്ടയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞാന്‍ എന്തിന് സംസാരിക്കണം? വ്യാമോഹത്താല്‍ അദ്ദഹം രാഷ്ട്രീയമായി ഒറ്റപ്പെടുകയാണ്. തനിക്ക് വിശ്വസിക്കാന്‍ കഴിയാത്തവരാല്‍ അദ്ദേഹം ചുറ്റപ്പെട്ടിരിക്കുന്നു,” കിഷോറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം 10-15 ദിവസം മുമ്പ് നിതീഷ് കുമാര്‍ തന്നെ വസതിയിലേക്ക് വിളിച്ച് ജെഡിയു നേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതായി കിഷോര്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. ‘അത് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ഒരു പദവിയും ഞാന്‍ ചെയ്ത പ്രതിബദ്ധതയ്ക്ക് പകരമാകില്ല, ഇതില്‍ നിന്ന് എനിക്ക് പിന്നോട്ട് പോകാന്‍ കഴിയില്ല, ”കിഷോര്‍ പറഞ്ഞു.
പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ഐ-പിഎസിയുടെ സ്ഥാപകനായ കിഷോറിനെ 2018ല്‍ കുമാര്‍ ജെഡി(യു) യില്‍ ഉള്‍പ്പെടുത്തുകയും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പൗരത്വ (ഭേദഗതി) നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും (എന്‍ആര്‍സി) സംബന്ധിച്ചുള്ള നിതീഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയാണ് പാര്‍ട്ടിയില്‍ നിന്ന് കിഷോറിന്റെ പുറത്തേക്കുള്ള വഴി തെളിച്ചത്. മേയില്‍ അദ്ദേഹം ‘ജന്‍ സൂരജ്’ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ബിഹാറില്‍ 3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയിലാണ് പ്രശാന്ത് കിഷോര്‍.