ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം പാര്‍ട്ടി അദ്ധ്യക്ഷന് തന്നെയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം പാര്‍ട്ടി അദ്ധ്യക്ഷനെതിരെ രംഗത്തെത്തിയിരുന്നു. ‘ഞാനാണ് പാര്‍ട്ടി അദ്ധ്യക്ഷനെങ്കില്‍, എന്റെ എംപിമാരും എംഎല്‍എമാരും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നില്ലെങ്കില്‍, ആരാണ് അതിന് ഉത്തരവാദി? ഞാന്‍ തന്നെ,’ ഗഡ്കരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടി നേതൃത്വം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും നേതൃത്വത്തിനെതിരെ അദ്ദേഹം പരാമര്‍ശം നടത്തിയത്.

‘വിജയമുണ്ടാകുമ്പോൾ അതിന്റെ കാരണക്കാരെന്ന് അവകാശപ്പെട്ട് നിരവധി പേർ രംഗത്തെത്തും. വിജയശിൽപ്പികൾ ഞങ്ങളാണെന്ന് അവകാശപ്പെട്ട് ആളുകൾ മത്സരിക്കും. എന്നാൽ, പരാജയം സംഭവിക്കുമ്പോൾ ഒരോരുത്തരും മറ്റുള്ളവർക്ക് നേരെ വിരൽചൂണ്ടി മാറി നിൽക്കാറാണ് പതിവ്. പരാജയങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാനുള്ള ആർജവം നേതൃത്വത്തിലുള്ളവർ പ്രദർശിപ്പിക്കണം. നേതൃത്വത്തിന് സംഘടനയോടുള്ള ആത്മാർഥത അംഗീകരിക്കപ്പെടുന്നത് അവർ പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന അവസരങ്ങളിലാണെന്നും ഗഡ്കരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook