ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചു കൊണ്ടുള്ളതെന്ന് സംശയിക്കുന്ന ഗഡ്കരിയുടെ പ്രസ്താവനയിലായിരുന്നു രാഹുലിന്റെ പ്രശംസ.

ബിജെപിയില്‍ തന്റേടമുള്ള ഒരേയൊരാള്‍ താങ്കളാണെന്നായിരുന്നു ഗഡ്കരിയെ പ്രശംസിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞത്. പ്രശംസയോടൊപ്പം തന്നെ ഒളിയമ്പെയ്യുകയും ചെയ്തു രാഹുല്‍. ഗഡ്കരിയോട് മൂന്ന് വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ ആവശ്യപ്പെടുകയായിരുന്നു രാഹുല്‍.

റാഫേല്‍ കരാര്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ഭരണഘടന സ്ഥാപനങ്ങളുടെ തകര്‍ച്ച എന്നീ വിഷയങ്ങളിലായിരുന്നു ഗഡ്കരിയുടെ അഭിപ്രായം രാഹുല്‍ തേടിയത്. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗഡ്കരിയെ പ്രശംസിക്കുകയും പ്രതികരണം ആരായുകയും ചെയ്തത്. പിന്നാലെ ഗഡ്കരി രാഹുലിന് മറുപടിയുമായെത്തുകയും ചെയ്തു. നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നായിരുന്നു രാഹുലിന് ഗഡ്കരി നല്‍കിയ മറുപടി.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആദ്യം വീട്ടിലെ കാര്യങ്ങള്‍ ചെയ്ത് നോക്കി നടത്തണമെന്നായിരുന്നു നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന. വീട്ടിലെ കാര്യം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രാജ്യത്തേയും നോക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ എബിവിപിയുടെ പൂര്‍വകാല പ്രവര്‍ത്തകരുമായുളള സംവാദത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ബിജെപിക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും സ്വയം സമര്‍പ്പിച്ചതായി പറയുന്ന നിരവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ഒരാളോട് ഞാന്‍ കാര്യങ്ങള്‍ ചോദിച്ചിരുന്നു. നിങ്ങള്‍ എന്ത് ജോലിയാണ് ചെയ്യുന്നതെന്നും വീട്ടില്‍ ആരൊക്കെ ഉണ്ടെന്നും ചോദിച്ചു. കച്ചവടം കുറഞ്ഞത് കൊണ്ട് കട അടച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. വീട്ടില്‍ കുട്ടികളും ഭാര്യയും ഉണ്ട്. അയാളോട് ആദ്യം വീട്ടുകാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ പറഞ്ഞത്,’ ഗഡ്കരി പറഞ്ഞു.

‘വീട്ടിലെ കാര്യങ്ങള്‍ നന്നായി ചെയ്യാത്തവര്‍ക്ക് രാജ്യത്തിന് വേണ്ടിയും ഒന്നും ചെയ്യാനാവില്ല. ആദ്യം ഭാര്യയേയും കുട്ടികളേയും നന്നായി നോക്കിയതിന് ശേഷം പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി ചെയ്യാന്‍ ഇറങ്ങുക,’ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. മോദിയെ പരോക്ഷമായി ഗഡ്കരി പരിഹസിച്ചതാണ് ഈ പരാമര്‍ശമെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സംസാരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ