ന്യൂഡല്‍ഹി: പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് തലകറങ്ങി. ദേശീയ ഗാനത്തിനിടെ തലകറക്കം കാരണം ഗഡ്കരി സീറ്റില്‍ ഇരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ പരിശോധന നടത്തുകയായിരുന്നു. ശക്തമായ തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയിലെ തന്റെ കസേരയില്‍ നിതിന്‍ ഗഡ്കരി ഇരിക്കുകയായിരുന്നു. ദേശീയഗാനത്തിനായി എഴുന്നേറ്റ് നിന്ന സമയത്താണ് തലകറക്കം അനുഭവപ്പെട്ടത്. ഇടുവശത്തേക്ക് ചരിഞ്ഞ അദ്ദേഹം പിന്നീട് സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെയാണ് കസേരയില്‍ ഇരുന്നത്. സോലാപൂരില്‍ വച്ച് നടന്ന പൊതുപരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ഗഡ്കരി.

സോലാപൂരിലെ ഡോക്ടര്‍മാര്‍ മന്ത്രിയെ പിന്നീട് പരിശോധിച്ചു. കഴിഞ്ഞ ദിവസം കഴിച്ച ആന്റിബയോട്ടിക്കാണ് തലചുറ്റലിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. വീര്യം കൂടിയ ആന്റിബയോട്ടികാണ് കഴിഞ്ഞ ദിവസം മന്ത്രി കഴിച്ചത്. ഇതാണ് തലചുറ്റലിന് കാരണം. തൊണ്ടയിലെ അണുബാധയെ തുടര്‍ന്നാണ് നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം ആന്റിബയോട്ടിക് കഴിച്ചത്. ഇതിന് വീര്യം കൂടുതലാണെന്ന് ഡോക്ടർമാർ പറയുന്നു.

Read Also: വേദിയില്‍ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ നിതിന്‍ ഗഡ്കരി തലകറങ്ങി വീണു

ആരോഗ്യനിലയില്‍ പേടിക്കേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ ചികിത്സയ്ക്ക് ശേഷം അറിയിച്ചു. മന്ത്രിയുടെ രക്ത സമ്മര്‍ദം സാധാരണ നിലയിലാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൂനെയില്‍ ചില പരിപാടികളില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. പൊതുപരിപാടികളിലെല്ലാം മന്ത്രിക്ക് പങ്കെടുക്കാന്‍ സാധിക്കുമെന്നും യാത്ര തുടരാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനു മുന്‍പും ഗഡ്കരിക്ക് പൊതുവേദിയില്‍ വച്ച് തലകറക്കം അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അഹമ്മദ്‌നഗറില്‍ വച്ച് പൊതുപരിപാടിക്കിടെ ഗഡ്കരി തലചുറ്റി വീണിട്ടുണ്ട്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും വേദിയില്‍ വച്ച് ഗഡ്കരിക്ക് ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook