നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം തകൃതിയാക്കി ബിജെപി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇതിനായി നാഗ്പൂരിലെത്തി. ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗഡ്കരി. അതേസമയം, മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചയ്ക്ക് സര്‍ക്കാര്‍ രൂപീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗഡ്കരി മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി. താന്‍ മഹാരാഷ്ട്രയിലേക്ക് യാതൊരു കാരണവശാലും മടങ്ങി വരില്ലെന്നും ഡല്‍ഹിയില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും ഗഡ്കരി വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുടെ പിന്തുണ തേടുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്നും ഗഡ്കരി വ്യക്തമാക്കി.
നാഗ്പൂരിലെത്തിയ ഗഡ്കരി വൈകിട്ടാണ് മോഹന്‍ ഭാഗവതിനെ കാണുക. അതേസമയം, ബിജെപി എംഎല്‍എമാര്‍ ഇന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ് ശിവസേന.
Read Also: പിടിമുറുക്കി ശിവസേന; സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കാണും
മുതിര്‍ന്ന നേതാവും ബിജെപി കോര്‍ കമ്മിറ്റി അംഗവുമായ സുധീര്‍ മുങ്കന്തിവാര് നവംബര്‍ 6 ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ നടന്ന രണ്ടാം ഘട്ട യോഗങ്ങള്‍ക്ക് ശേഷം ബിജെപിയും ശിവസേനയും ഒന്നിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നു.
സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആര്‍എസ്എസ് നിർദേശം. നിതിന്‍ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോള്‍ പയറ്റുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.
അതേസമയം, സമവായ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ലെന്നാണ് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് ഇന്നലെയും വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സേന. പരസ്യ പ്രസ്താവനകള്‍ ഇതാണെങ്കിലും ഉപമുഖ്യമന്ത്രി പദവും ധനകാര്യം നഗരവികസനം റവന്യൂ എന്നിങ്ങനെ പ്രധാന വകുപ്പുകളും കിട്ടിയാല്‍ സഹകരിക്കാമെന്നാണ് സേനാക്യാമ്പിലെ ആലോചന.