/indian-express-malayalam/media/media_files/uploads/2018/12/Rajiv-Kumar.jpg)
ന്യൂഡൽഹി: മോദി സർക്കാർ ചെയ്തത് പോലെ കർഷകർക്ക് വേണ്ടി മറ്റൊരു സർക്കാരും സഹായം ചെയ്തിട്ടില്ലെന്ന് നീതി ആയോഗ് ഉപാദ്ധ്യക്ഷൻ. രണ്ട് സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയതിന് പിന്നാലെ കർഷകരുടെ കടങ്ങൾ എഴുതി തളളിയ കോൺഗ്രസ് സർക്കാരുകൾക്ക് കൈയ്യടി ലഭിച്ചതിന് പിന്നാലെയാണ് രാജീവ് കുമാറിന്റെ വിമർശനം.
"ഞാനെന്താണ് ഇതേക്കുറിച്ച് പറയേണ്ടത്? മോദി സർക്കാരിനെ പോലെ മറ്റേതെങ്കിലും സർക്കാർ കർഷകർക്ക് വേണ്ടി ഇത്രയും സഹായം ചെയ്തിട്ടില്ല," അദ്ദേഹം പറഞ്ഞു. കാർഷിക കടങ്ങൾ എഴുതി തളളുന്നതുമായി ബന്ധപ്പെട്ട ട്വീറ്റിൽ മോദി സർക്കാർ ഉറങ്ങുകയാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധിക്കുളള മറുപടിയായി ഇത് മാറി.
മോദി സർക്കാരാണ് സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കർഷകർക്ക് കടമെടുക്കാവുന്ന തുക 10.50 ലക്ഷമാക്കി ഉയർത്തിയത് എൻഡിഎ സർക്കാരാണെന്നും പറഞ്ഞു. "രാഹുൽ ഗാന്ധിയുടെ സർക്കാർ അവരുടെ ജോലി ചെയ്യട്ടെ. മറ്റുളളവർ അവരുടേതും," അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലുമാണ് സർക്കാരുകൾ കാർഷിക കടങ്ങൾ എഴുതി തളളിയത്. അതേസമയം രാജസ്ഥാനിൽ കടങ്ങൾ എഴുതി തളളുന്ന കാര്യം ഉദ്യോഗസ്ഥർ പരിഗണിക്കുകയാണ്. ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയത്.
"കോൺഗ്രസും മറ്റ് സർക്കാരുകളും കർഷക കടങ്ങൾ എഴുതി തളളണമെന്ന ആവശ്യത്തിൽ മോദി സർക്കാരിനെ നിരന്തരം സമ്മർദ്ദം ചെലുത്തും. കാർഷിക കടങ്ങൾ എഴുതി തളളുന്നത് വരെ മോദി സർക്കാരിനെ ഉറങ്ങാൻ അനുവദിക്കില്ല,' എന്നായിരുന്നു ട്വീറ്റിൽ രാഹുൽ ഗാന്ധി പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.