ഗാന്ധിനഗർ: അഹമ്മദാബാദിലെ സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ്. ആശ്രമത്തിൽ അനധികൃതമായി സ്ത്രീകളെ തടവിൽ പാർപ്പിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. ആവശ്യമെങ്കിൽ ഗുജറാത്ത് പോലീസ് നിത്യാനന്ദയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് അഹമ്മദാബാദ് എസ്.പി. ആര്‍.വി അസരി പറഞ്ഞു.

തന്റെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തിൽ അനധികൃത തടവിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിരുന്നു.

കുട്ടികൾക്ക് മെച്ചപ്പെട്ടതും ആത്മീയവുമായ ഉന്നമനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് 2013ൽ തന്റെ നാല് മക്കളെ ബെംഗളുരുവിലെ നിത്യാനന്ദയുടെ ‘നിത്യാനന്ദ ധ്യാനപീഠം’ എന്ന ആശ്രമത്തിൽ പ്രവേശിപ്പിച്ചതെന്ന് പരാതിക്കാരനായ ജനാർദന ശർമ (48) പറഞ്ഞു. എന്നാൽ, തന്റെ അനുവാദമില്ലാതെ അഹമ്മദാബാദിലെ ദില്ലി പബ്ലിക് സ്കൂളിന്റെ പരിസരത്തുള്ള യോഗിനി സർവഞ്ജപീഠത്തിലേക്ക് അവരെ കൊണ്ടുപോയതായും മക്കളെ കാണാൻ തന്നെയും ഭാര്യയെയും ആശ്രമ അധികൃതർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആശ്രമത്തിന് ഡിപിഎസ് സ്‌കൂൾ ഭൂമി പാട്ടത്തിന് നൽകുന്നതിന് മുമ്പ് വിവരം നൽകാതിരുന്നതിന്  പോലീസിന് പ്രിൻസിപ്പൽ ഹിതേഷ് പുരിയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

സ്കൂളിന്റെ ഭൂമി അനുമതിയില്ലാതെ അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തിന് എങ്ങനെ പാട്ടത്തിന് നൽകിയെന്നതിനെക്കുറിച്ച് സിബിഎസ്ഇ ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിൽനിന്ന് റിപ്പോർട്ട് തേടി മണിക്കൂറുകൾക്ക് ഹിതേഷ് പുരിയുടെ അറസ്റ്റ് നടന്നത്.

അഹമ്മദാബാദിലെ ഡിപിഎസ് മണിനഗറിന്റെ സ്ഥലം സ്വാമി നിത്യാനന്ദ ആശ്രമത്തിന് ബോർഡിന്റെ അനുമതിയില്ലാതെ പാട്ടത്തിന് നൽകുന്നത് സംബന്ധിച്ച് അന്വേഷിക്കാൻ ബോർഡ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്ന് സിബിഎസ്ഇയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ആശ്രമത്തിലെ രണ്ട് മാനേജർമാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ഉപദ്രവിക്കൽ, മനഃപൂർവം അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം ബാലവേല (നിരോധനവും നിയന്ത്രണവും) നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook