പാറ്റ്ന: ഇന്നലെ രാജിവച്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അഴിമതി കേസിൽ ലാലു പ്രസാദ് യാദവിന്റെ മക്കൾക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇന്നലെ അദ്ദേഹം രാജിവച്ചത്. ഇതിന് പിന്നാലെ ഇദ്ദേഹത്തിന് ബിജെപി പിന്തുണ ലഭിച്ചതോടെ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതകളും തെളിഞ്ഞിരുന്നു.

ബിജെപി സംസ്ഥാന നേതാക്കൾ ഇന്നലെ പ്രത്യേക യോഗം ചേർന്നാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ പിന്തുണയക്കാൻ തീരുമാനിച്ചത്. നാളെ ബീഹാറിൽ വിശ്വാസവോട്ടെടുപ്പ് നടക്കും. ഇതിന് ശേഷം ബിജെപിയിലെ 14 അംഗങ്ങൾ മന്ത്രിമാരായി ചുമതലയേൽക്കും.

മഹാസഖ്യവുമായി മുന്നോട്ട് പോകാനാകില്ലെന്ന നിതീഷിന്റെ പ്രസ്താവനയുടെ പിന്നാലെയായിരുന്നു ബിജെപി തീരുമാനവും വന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാറിനെ പിന്തുണയ്ക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി അറിയിച്ചു.

242 അംഗ സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ലാലു പ്രസാദ് യാദവിന്റെ ആർജെഡി ആയിരുന്നു. മഹാസഖ്യത്തിന്റെ ഭാഗമായി നടന്ന മത്സരത്തിൽ 80 സീറ്റുകളിലാണ് ആർജെഡി വിജയിച്ചത്. നിതീഷ് കുമാറിന്റെ ജെഡിയു 71 സീറ്റിനും ബിജെപി 53 സീറ്റിലും വിജയിച്ചപ്പോൾ കോൺഗ്രസ് 27 സീറ്റുകൾ മാത്രമാണ് നേടാനായത്.

മഹാസഖ്യം വേർപിരിഞ്ഞതോടെ സംസ്ഥാനത്ത് ആർക്കും ഭൂരിപക്ഷമില്ലാത്ത നില വന്നു. പക്ഷെ ബിജെപി പിന്തുണ ലഭിച്ചതോടെ ജെഡിയു കേവല ഭൂരിപക്ഷമായ 122 മറികടന്നു. ഇപ്പോഴത്തെ ഭരണ സഖ്യത്തിന് 126 സീറ്റുകളുടെ പിന്തുണയാണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ