കൊല്‍ക്കത്ത: കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ കാറിനുനേരെ പശ്ചിമബംഗാളില്‍ ആക്രമണം. കൂച്ച്‌ബെഹാര്‍ ജില്ലയിലെ ദിന്‍ഹതയില്‍ വച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായാണു ആരോപണം.
തൃണമൂല്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും കാറിനുനേര്‍ക്കു കല്ലെറിയുകയും ചെയ്തതായി മന്ത്രി പറഞ്ഞു. കല്ലേറില്‍ കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
”പൊലീസ് കാഴ്ചക്കാരാകുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ എന്താണു ചെയ്യുന്നതെന്നു ജനങ്ങള്‍ കാണുന്നുണ്ട്,” പ്രമാണിക് പറഞ്ഞു.
സംഭവത്തെ ബി ജെ പി പശ്ചിബംഗാള്‍ വക്താവ് ഷമിക് ഭട്ടാചാര്യ അപലപിച്ചു. ”ഒരു കേന്ദ്രമന്ത്രിയുടെ കാര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ സംസ്ഥാനത്തെ സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കൂ,” അദ്ദേഹം പറഞ്ഞു. ബംഗാളില്‍ അനുച്ഛേദം 355 പ്രകാരമുള്ള നടപടി ആരംഭിക്കാന്‍ അദ്ദേഹം ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.
അതേസമയം, ബംഗാളില്‍ സമാധാനം തകര്‍ക്കാന്‍ ബി ജെ പി നേതാക്കളായ ദിലീപ് ഘോഷും സുവേന്ദു അധികാരിയും പാര്‍ട്ടി പ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയാണെന്നു തൃണമൂല്‍ നേതാവ് ജയ്പ്രകാശ് മജുംദാര്‍ ആരോപിച്ചു.
‘കന്നുകാലി കടത്തുകാരനെന്ന് ആരോപിച്ച് നിരപരാധിയായ രാജ്ബന്‍ഷി യുവാവിനെ ബി എസ് എഫ്’ വെടിവച്ചുകൊന്നതില്‍ നീതി തേടി തൃണമൂല്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച കൂച്ച്‌ബെഹാര്‍ ജില്ലയിലെ ഭെതാഗുരിയിലെ പ്രമാണിക്കിന്റെ വസതിക്കുസമീപം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മന്ത്രിയുടെ വീടിനു 150 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയതായി പ്രാദേശിക അധികൃതര്‍ പറഞ്ഞു.