ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. എച്ച്എഎല്ലുമായി ബന്ധപ്പെട്ട രാഹുലിന്റെ ആരോപണം കള്ളമാണെന്നും രാജ്യത്തോട് രാഹുല്‍ മാപ്പ് ചോദിക്കണമെന്നും സീതാരാമന്‍ പറഞ്ഞു. എച്ച്എഎല്ലുമായി കരാറിലെത്തിയതിന്റെ രേഖകളും സീതാരാമന്‍ പുറത്ത് വിട്ടിട്ടുണ്ട്.

”കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്നത് നാണക്കേടാണ്. എച്ച്എഎല്ലുമായി 2014-18 കാലത്ത് 26570.8 കോടിയുടെ കരാറിലൊപ്പിട്ടിട്ടുണ്ട്. 73000 കോടിയുടെ കരാര്‍ വരുന്നുണ്ട്. രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറഞ്ഞ് സഭയില്‍ നിന്നും രാജിവെച്ച് പുറത്ത് പോവുമോ?” എന്നായിരുന്നു നിര്‍മ്മലാ സീതാരാമന്റെ ട്വീറ്റ്.

മോദി സര്‍ക്കാര്‍ എച്ച്എഎല്ലിന് ഒരു ലക്ഷം കോടിയുടെ കരാര്‍ നല്‍കിയെന്ന സീതാരാമന്റെ വാദം തെളിയിക്കുന്ന രേഖ പാര്‍ലമെന്റില്‍ വെക്കണമെന്നും അല്ലാത്ത പക്ഷം രാജിവെക്കണമെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.

”നിങ്ങളൊരു നുണ പറഞ്ഞാല്‍ അത് മറയ്ക്കാന്‍ കൂടുതല്‍ നുണ പറയേണ്ടി വരും. റഫാല്‍ ഇടപാടിലെ പ്രധാനമന്ത്രിയുടെ നുണയെ രക്ഷിക്കാന്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റിനോട് നുണ പറഞ്ഞിരിക്കുകയാണ്” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. നാളെ പാര്‍ലമെന്റില്‍ എച്ച്എഎല്ലിന് നല്‍കിയ ഓര്‍ഡറിന്റെ തെളിവുകള്‍ സീതാരാമന്‍ അവതരിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു.

റഫാല്‍ ഇടപാട് എച്ച്എഎല്ലിന് നല്‍കിയില്ലെങ്കിലും മറ്റ് നിരവധി വിലപ്പെട്ട പ്രതിരോധ കരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നല്‍കിയിട്ടുണ്ടെന്നായിരുന്നു പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ കോണ്‍ഗ്രസിന് മറുപടിയായി പാര്‍ലമെന്റിനെ അറിയിച്ചത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നിര്‍മ്മല സീതാരാമന്‍ മറുപടി നല്‍കിയില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook