ന്യൂഡൽഹി: നിർമലാ സീതാരാമൻ ഇന്ത്യയുടെ പ്രതിരോധമന്ത്രിയായി ചുമതലയേറ്റു. മുൻ പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‌ലിയും സ്ഥാനാരോഹണ ചടങ്ങിനെത്തിയിരുന്നു. അരുൺ ജയ്റ്റ്‌ലിയിൽ നിന്നാണ് നിർമലാ സീതാരാമൻ സ്ഥാനം ഏറ്റെടുത്തത്.

പ്രത്യേക പൂജാ ചടങ്ങുകളോടെയാണ് നിർമല സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യയുടെ പ്രതിരോധമന്ത്രി സ്ഥാനം അരുൺ ജയ്റ്റ‌്ലിയിൽ നിന്ന് ‘പൂജാരിമാർ’ നിർമലാ സീതാറാമിന് കൈമാറി. സ്ഥാനാരോഹണത്തിന് മുൻപും ശേഷവും പ്രത്യേക പ്രാർത്ഥനകളും ഉണ്ടായിരുന്നു. മന്ത്രിയുടെ വാർത്താ സമ്മേളനം ആരംഭിക്കുന്നത് വരെ പൂജാരിമാർ പ്രതിരോധ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ANI

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തനിക്ക് പ്രതിരോധ മന്ത്രിസ്ഥാനം പോലെ സുപ്രധാനമായൊരു ജോലി ഏറ്റെടുക്കാൻ ധൈര്യവും ആത്മവിശ്വാസവും നൽകിയതെന്ന് നിർമലാ സീതാരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സായുധ സേനക്കാണ് താൻ മുഖ്യ പരിഗണന നൽകുന്നതെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ശേഷം സുപ്രധാന വകുപ്പായ പ്രതിരോധ വകുപ്പിൽ കൈയാളുന്ന ആദ്യ വനിതായി നിർമലാ സീതാരാമൻ. മന്ത്രിസഭാ പുന:സംഘടന നടന്നപ്പോൾ വാണിജ്യ,​ വ്യവസായ മന്ത്രിയായിരുന്ന നിർമലാ സീതാരാമനെ കാബിനറ്റ് പദവിയിലേക്ക് ഉയർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ വകുപ്പ് അവരെ ഏൽപിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ