ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വസ്തുതകള്‍ മൂടിവെക്കുകയും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയുമാണ് ചെയ്യുന്നത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ബുധനാഴ്ച കൊമ്പ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയും കേന്ദ്ര വിജിലന്‍സ് കമ്മീഷനെയും കാണുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. യുപിഎ സര്‍ക്കാരിന്റെ കരാറിനെക്കാള്‍ കുറഞ്ഞ വിലയിലാണ് എന്‍ഡിഎ സര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് എങ്കില്‍ നേരത്തെ ധാരണയായ 126 വിമാനങ്ങള്‍ക്ക് പകരം 36 ജെറ്റുകള്‍ മാത്രം വാങ്ങിയത് എന്തുകൊണ്ടാണ് എന്നും കോണ്‍ഗ്രസ് ആരാഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ സമയത്ത് 126 വിമാനങ്ങള്‍ക്ക് പറഞ്ഞുവച്ച വിലയും നരേന്ദ്ര മോദി സര്‍ക്കാര്‍ വാങ്ങിയ 36 വിമാനങ്ങളുടെ വിലയും പ്രസിദ്ധപ്പെടുത്തണമെന്ന് മുന്‍ പ്രതിരോധമന്ത്രി കൂടിയായ ആന്റണി ആവശ്യപ്പെട്ടു. “ആരാണ് ശരിയെന്ന് രാജ്യം തീരുമാനിക്കട്ടെ.” ആന്റണി പറഞ്ഞു.
റാഫേല്‍ ഇടപാട് സംയുക്ത പാര്‍ലമെന്‍ററി സമതി അന്വേഷിക്കണം എന്ന ആവശ്യവും അദ്ദേഹം ആവര്‍ത്തിച്ചു. ” സംയുക്ത പാര്‍ലമെന്‍ററി സമിതിയില്‍ ഭൂരിപക്ഷമുണ്ട് എന്നിരിക്കെ സര്‍ക്കാര്‍ അതിനെ ഭയപ്പെടുത്തുന്നത് എന്തുകൊണ്ടാണ്.. ? അവര്‍ക്ക് എന്തോ മറച്ചുവയ്ക്കാന്‍ ഉണ്ട് എന്നല്ലേ അതിന്റെ അര്‍ഥം ? “, എകെ ആന്റണി ആരാഞ്ഞു.
യുപിഎയുടെ കാലത്ത് 2013ല്‍ കരാറിലെത്തുന്ന സമയത്ത് എകെ ആന്റണിയുടെ ഇടപെടലുണ്ടായി എന്ന നിര്‍മലാ സീതാരാമന്റെ വാദത്തെയും അദ്ദേഹം നിഷേധിച്ചു. “അവരുടെ ആരോപണം അടിസ്ഥാന രഹിതമാണ് എന്ന് മാത്രമല്ല വസ്തുതകളെ മനപൂര്‍വ്വം മൂടിവെക്കുകയാണ് അവര്‍ ചെയ്യുന്നത്. ” എകെ ആന്റണി പറഞ്ഞു.