ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി തിരഞ്ഞെടുപ്പ് സംയുക്ത ഇടത് സഖ്യം തൂത്തുവാരിയതിന് തൊട്ടുപിന്നാലെ സര്‍വ്വകലാശാലക്കെതിരെ ഗുരുതരമായ ആരോപണവുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. ജെഎന്‍യുവിലെ ചില ശക്തികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നു എന്നാണ് ബിജെപി മന്ത്രിയുടെ ആരോപണം. ” രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന ചില ശക്തികളുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് യൂണിയനോടൊപ്പം അവരെ കാണുന്നു എന്നതില്‍ ഞാന്‍ അസ്വസ്തയാണ്.” നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ഇന്ത്യന്‍ വുമണ്‍ പ്രസ് കോര്‍പ്‌സിനോട് സംസാരിക്കവേ ജെഎന്‍യുവില്‍ ഈയടുത്ത് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് ആരാഞ്ഞപ്പോള്‍ മറുപടി പറയുകയായിരുന്നു ജെഎന്‍യു മുന്‍ വിദ്യാര്‍ഥിനി കൂടിയായ മന്ത്രി. തിരഞ്ഞെടുപ്പിനിടയില്‍ ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ആള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷനും ഏറ്റുമുട്ടിയിരുന്നു.
“കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ ഒട്ടും പ്രോത്സാഹിപ്പിക്കേണ്ടതല്ല. നിങ്ങള്‍ക്ക് യോജിപ്പില്ലാത്ത ആശയമുള്ള ഒരു പാര്‍ട്ടി എന്നത് വ്യത്യസ്തമായ കാര്യമാണ്. പക്ഷെ അവര്‍ എങ്ങനെ ദേശവിരുദ്ധമായ ആശയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നതാണ്. ” നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ജെഎന്‍യുവില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി നേതാക്കള്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചതായും പ്രതിരോധ മന്ത്രി ആരോപിച്ചു. “അവര്‍ രാജ്യത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ലഘുരേഖകളും ബ്രോഷറുകളും അങ്ങനെയാണ് പറയുന്നത്. അവരാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നിയന്ത്രിക്കുന്നത് എന്നിടത്ത് അവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ് എന്ന് പറയുന്നതില്‍ തെറ്റില്ല.” നിര്‍മലാ സീതാരാമന്‍ പറഞ്ഞു.