ന്യൂഡൽഹി: കോവിഡ് -19 രോഗവ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പുതിയ വായ്പാ പുന സംഘടനാ പദ്ധതികൾ ഈ മാസം 15നകം ആവിഷ്‌കരിക്കണമെന്നു ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കുകളോടും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളോടും (എൻ‌ബി‌എഫ്‌സി) ആവശ്യപ്പെട്ടു. മൊറട്ടോറിയം എടുത്തുകളഞ്ഞ സാഹചര്യത്തിൽ കടക്കാർക്ക് മതിയായ പിന്തുണ നൽകണമെന്നും ധനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു.

ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെയും എൻ‌ബി‌എഫ്‌സികളുടെയും മേധാവികളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.

വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം എടുത്തുകളയുമ്പോൾ, വായ്പക്കാർക്ക് പിന്തുണ നൽകണമെന്നും കോവിഡ് അനുബന്ധ ദുരിതവുമായി ബന്ധപ്പെട്ട ബാധ്യതകൾ ക്രെഡിറ്റ് എലിജിബിലിറ്റിയെ ബാധിക്കരുതെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു.

Read More National News: ലഡാക്കിലെ പ്രശ്നങ്ങൾ തൽസ്ഥിതിയിയിൽ ഏകപക്ഷീയ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കത്തിന്റെ ഫലമെന്ന് വിദേശകാര്യ മന്ത്രാലയം

മൂന്ന് മണിക്കൂർ നീണ്ട യോഗത്തിൽ ധനമന്ത്രി വായ്പാ ദാതാക്കളോട് യോഗ്യരായ വായ്പക്കാരെ കണ്ടെത്തി അവരിലേക്ക് എത്തിച്ചേരണമെന്നും നിലനിൽക്കാൻ സാധ്യതയുള്ള എല്ലാ ബിസിനസിന്റെയും പുനരുജ്ജീവനത്തിനായി കടം കൊടുക്കുന്നവർ സുസ്ഥിരമായ ഒരു പരിഹാര പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

2020 സെപ്റ്റംബർ 15 നകം സ്കീമുകൾ നടപ്പാക്കണമെന്നും അവ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിരന്തരമായി മാധ്യമങ്ങളിൽ പ്രചാരണം നടത്തണമെന്നും ധനമന്ത്രി നിർദേശിച്ചു.

ഇഎംഐകൾ അടയ്ക്കുന്നതിനുള്ള ആറ് മാസത്തെ മൊറട്ടോറിയം ഓഗസ്റ്റ് 31 ന് അവസാനിച്ചിരുന്നു. ആർ‌ബി‌ഐയുടെ ഫ്രെയിംവർക്കിനും യോഗ്യതയ്ക്കും അനുസൃതമായി ബോർഡ് അംഗീകാരമുള്ള പുനസംഘടനാ പദ്ധതി കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാങ്കുകൾ.

Read More National News: ഫെയ്സ്ബുക്ക് അധികൃതരുമായി ചർച്ച തുടരും: ശശി തരൂർ

മൊറട്ടോറിയം കാലാവധി അവസാനിച്ചെങ്കിലും നിലവിലുള്ള വായ്പാ കാലാവധി മൊറോട്ടോറിയത്തോടെയോ അല്ലാതായോ രണ്ടുവര്‍ഷം വരെ നീട്ടാന്‍ ബാങ്കുകള്‍ക്ക് അധികാരം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. വായ്പ തിരിച്ചടവിന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇളവുകള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ലോക് ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും കൂട്ടുപലിശയും ബാങ്കുകൾ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കോവിഡിനെത്തുടര്‍ന്ന് ബാങ്ക് വായ്പകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മൊറോട്ടോറിയം അതേ രീതിയില്‍ തുടരില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

ഓരോ വായ്പക്കാരുടെയും സാഹചര്യം പരിശോധിച്ച് ബാങ്കുകളാകും ഇളവ് തീരുമാനിക്കുക. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളും ആര്‍ബിഐയുമായി ചര്‍ച്ച നടത്തി തീരുമാനത്തിൽ എത്തേണ്ടതുണ്ട്. ഓഗസ്റ്റ് ആറിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാകും വായ്പാ ഇളവുകളെന്നും സത്യവാങ്മൂലത്തില്‍ സർക്കാർ അറിയിച്ചിരുന്നു.

Read More: Finance Minister asks banks to roll out loan restructuring scheme by Sep 15

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook