ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലായതായി റിസര്‍വ് ബാങ്ക് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആത്മനിര്‍ഭര്‍ റോസ്ഗാർ യോജന അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ.
മൂലധന ചെലവ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ് ധനമന്ത്രി പ്രഖ്യാപിച്ച പുതിയ പദ്ധതി. 2,65,080 കോടി രൂപയുടെ ആത്മനിർഭർ 3.0 ഉത്തേജക പാക്കേജിന്റെ ഭാഗമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആരോഗ്യ മേഖലയ്ക്കും മറ്റ് 26 മേഖലകളിലുള്ളവർക്കും ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്കീമും വീട് വാങ്ങുന്നവർക്കും റിയൽ എസ്റ്റേറ്റ് ഡവലപ്പർമാർക്കും ആനുകൂല്യങ്ങളും ഉൾപ്പെടുന്ന പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതില്‍ ഒരുവര്‍ഷം മൊറട്ടോറിയം കാലാവധിയും നാലുവര്‍ഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. 50 കോടി രൂപമുതല്‍ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാര്‍ച്ച് 31വരെയായകും പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക.
18 ലക്ഷത്തോളം വീടുകളുടെ നിര്‍മാണത്തിന് നഗരങ്ങളിലെ ഭവന നിര്‍മാണമേഖലയ്ക്കായി 18,000 കോടിയുടെ അധികതുക അനുവദിച്ചിട്ടുണ്ട്. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
15,000 രൂപയിൽ താഴെയുള്ള പ്രതിമാസ വേതനത്തിൽ ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുന്ന പുതിയ ജീവനക്കാരെ ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജനയിൽ ഉൾപ്പെടുത്തും. 2020 മാർച്ച് 1 മുതൽ കോവിഡ് -19 പാൻഡെമിക് സമയത്ത് ജോലി നഷ്ടപ്പെടുകയും 2020 ഒക്ടോബർ ഒന്നിന് ശേഷമോ ജോലിചെയ്യുകയും ചെയ്യുന്ന 15,000 രൂപയിൽ താഴെയുള്ള പ്രതിമാസ വേതനം ലഭിക്കുന്ന ഇപിഎഫ് അംഗങ്ങളും ഇതിൽ ഉൾപ്പെടും.
ജീവനക്കാരുടെ 12 ശതമാനം പിഎഫ് വിഹിതവും തൊഴിലുടമയുടെ 12 ശതമാനം വിഹിതവും അടക്കം മൊത്തം 24 ശതമാനം സ്ഥാപനങ്ങൾക്ക് രണ്ട് വർഷത്തേക്ക് നൽകും. ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നതിന് 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾ പുതിയതായി രണ്ട് തൊഴിലവസരങ്ങളും 50ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ കുറഞ്ഞത് അഞ്ച് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കണം.
സാമ്പത്തിക മാന്ദ്യമെന്നാൽ എന്ത്?
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപി 8.6 ശതമാനം ഇടിഞ്ഞതായാണ് ആര്‍ബിഐ വിലയിരുത്തല്‍. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 23.9 ശതമാനമെന്ന അഭൂതപൂര്‍വമായ ഇടിവാണു മൊത്ത ആഭ്യന്തര ഉത്പാദനത്തി(ജിഡിപി)യിലുണ്ടായതായി വ്യക്തമാക്കുന്ന ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസി(എന്‍എസ്ഒ)ന്റെ കണക്ക് പുറത്തുവന്നതിനുപിന്നാലെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച് ആർബിഐ റിപ്പോർട്ട് പുറത്തുവന്നത്. രണ്ടാം പാദത്തിലെ എന്‍എസ്ഒയുടെ കണക്കുകള്‍ നവംബര്‍ അവസാനത്തോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടര്‍ച്ചയായി രണ്ട് പാദങ്ങളിലോ അതില്‍ കൂടുതലോ ജിഡിപി വളര്‍ച്ച നെഗറ്റീവ് ആയിരിക്കുന്ന അവസ്ഥയെയാണ് സാമ്പത്തിക ശാസ്ത്രത്തില്‍ മാന്ദ്യം എന്ന് വിളിക്കുന്നത്. അതേസമയം, ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സമ്പദ്വ്യവസ്ഥ പോസിറ്റീവ് വളര്‍ച്ചയിലേക്ക് തിരിച്ചുവരുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു.
കേന്ദ്രത്തിനെതിരെ പ്രതിപക്ഷം
അതിനിടെ, രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം രംഗത്തെത്തി. മോദിയുടെ നയങ്ങള്‍ കാരണം ചരിത്രത്തിലാദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
”മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ശക്തിയെ അതിന്റെ ബലഹീനതയാക്കി മാറ്റി,” ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തി. ”ഈ നേട്ടം കൈവരിച്ചതിന്” ധനമന്ത്രി നിര്‍മല സീതാരാമനെ അഭിനന്ദിക്കുന്നുവെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം.